ചാലക്കുടി: വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനത്തെ തുടർന്ന് പുറത്തുനിന്നെത്തിയ യുവാവ് പ്ലസ് ടു വിദ്യാർഥിയെ ചുറ്റികകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. എലിഞ്ഞിപ്ര കരിപറമ്പില്‍ ഷാബറിന്റെ മകനും ചാലക്കുടി ഗവ. സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ മുഹമ്മദ് ജാഷിറിനാണ് (17) പരിക്കേറ്റത്.
കുറച്ചു ദിവസമായി ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ സ്കൂളിലും പരിസരത്തും സംഘർഷാവസ്ഥയുണ്ടായിരുന്നു. സ്കൂളിലും ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിലും ഇവർ ഏറ്റുമുട്ടിയിരുന്നു. മുഹമ്മദ് ജാഷിർ മർദിച്ചെന്നാരോപിച്ച് മറ്റൊരു വിദ്യാർഥി മാമ്പ്ര ഭാഗത്തുള്ള ഒരു യുവാവിനെയും കൂട്ടിയെത്തുകയായിരുന്നു.
കഴിഞ്ഞ 28ന് സ്കൂളിലെ സംഘർഷത്തെ തുടർന്ന് ബസ് സ്റ്റാൻഡിലും അടിപിടിയുണ്ടായി. ഇതിനിടയിലാണ് പുറത്തുനിന്നെത്തിയ യുവാവ് ജാഷിറിന്റെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചത്. തലക്ക് സാരമായി പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയിലാണ്. ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്.
ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാർഥികൾ കുറ്റക്കാരെന്ന് വ്യക്തമായതോടെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ജുവനൈല്‍ കോടതിയില്‍ ചാലക്കുടി പൊലീസ് ഹാജരാക്കിയിരുന്നു. തുടർന്ന് ജുവനൈല്‍ കോടതി പ്രതികളായ രണ്ടു വിദ്യാർഥികളെയും ജാമ്യം നൽകി വിട്ടയച്ചു.