കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് ക്ലാസിൽ കയറിയ സംഭവത്തിൽ മാതാപിതാക്കളോടൊപ്പം പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരായി. പ്രവേശന യോഗ്യത നേടാത്ത വിദ്യാർഥിനി നാലു ദിവസത്തോളമാണ് എം.ബി.ബി.എസ് ക്ലാസിൽ ഇരുന്നത്. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.
കോളജ് അധികൃതരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുകയെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. കുട്ടി ആൾമാറാട്ടം നടത്തിയെന്നു പറയാനാവില്ല. വ്യാജരേഖ ചമച്ചതായും ഇതുവരെ തെളിഞ്ഞിട്ടില്ല. ക്രിമിനൽ കുറ്റങ്ങളൊന്നും ചെയ്യാത്തതിനാലും പ്ലസ് ടുവിന് പഠിക്കുന്ന കുട്ടിയുടെ ഭാവിയെക്കരുതിയുമാണ് കേസെടുക്കാത്തതെന്നാണ് സൂചന.
അടുത്ത ദിവസം കൂടുതൽ രേഖകൾ ഹാജരാക്കാമെന്ന് മാതാപിതാക്കൾ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.കൊടുവള്ളി പടന്നക്കാവ് സ്വദേശിയാണ് പ്രവേശനം നേടാതെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസിൽ ഹാജരായത്.
നീറ്റ് ഫലം വന്ന സമയത്ത് കുടുംബത്തോടൊപ്പം കുട്ടി ഗോവയിൽ വിനോദയാത്രക്ക് പോയതായിരുന്നു. 15,000ത്തിനകത്ത് റാങ്ക് ലഭിച്ചതിനാൽ തീർച്ചയായും സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. സുഹൃത്തുക്കളോടും ബന്ധുക്കളോടും സീറ്റ് ലഭിക്കുമെന്ന് പറഞ്ഞതോടെ അഭിനന്ദനപ്രവാഹമായിരുന്നു. നാട്ടുകാർ ഫ്ലക്സ് സ്ഥാപിച്ച് പെൺകുട്ടിയുടെ വിജയം ആഘോഷിച്ചു.
സീറ്റ് ലഭിക്കാതായതോടെ മനോവിഷമത്തിലായ പെൺകുട്ടി വീട്ടുകാരെയും നാട്ടുകാരെയും ബോധിപ്പിക്കാൻ ക്ലാസിലെത്തുകയായിരുന്നു. സീറ്റ് ലഭിച്ചുവെന്നു തന്നെയാണ് കുട്ടി മാതാപിതാക്കളെയും വിശ്വസിപ്പിച്ചത്. നവംബർ 29 മുതൽ ഡിസംബർ രണ്ടുവരെയാണ് ക്ലാസിലെത്തിയത്. അഞ്ചാം ദിവസം ഹാജരാകാതിരുന്നതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ പ്രിൻസിപ്പൽ വ്യാഴാഴ്ച മെഡിക്കൽ കോളജ് പൊലീസിന് പരാതി നൽകി.
സംഭവത്തിൽ പ്രിൻസിപ്പൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. രണ്ടാം അലോട്ട്മെന്‍റിനു ശേഷമാണ് ഈ വിദ്യാർഥിനി കോളജിൽ എത്തിയത്.
വിദ്യാർഥികൾ ഒന്നിച്ച് കോളജിൽ എത്തിയപ്പോൾ അഡ്മിറ്റ് കാർഡ് നോക്കാതെ പേരു ചോദിച്ച് രജിസ്റ്റർ തയാറാക്കുകയായിരുന്നു. അതിനാലാണ് പെൺകുട്ടിയുടെ പേര് രജിസ്റ്ററിൽ കടന്നുകൂടിയതെന്നാണ് റിപ്പോർട്ടിലുള്ളത്. സംഭവത്തിൽ ഒന്നാം വർഷ ബാച്ചിന്‍റെ ചുമതലയുള്ള ക്ലാസ് കോഓഡിനേറ്ററും വകുപ്പുമേധാവികളും ഉൾപ്പെടെ അഞ്ചു പേരിൽനിന്ന് പ്രിൻസിപ്പൽ വിശദീകരണം തേടിയിരുന്നു. വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ഈ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഒന്നാം വർഷ എം.ബി.ബി.എസിന് 250 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. പെൺകുട്ടി ക്ലാസിൽ വന്ന ദിവസം 245 പേർ അഡ്മിഷൻ നേടിയിരുന്നു. 246ാമതായാണ് കുട്ടിയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയത്. നാലു ദിവസം കഴിഞ്ഞ് രജിസ്റ്ററും പ്രവേശന പട്ടികയും തമ്മിൽ താരതമ്യപ്പെടുത്തിയപ്പോഴാണ് കണക്കിൽപെടാതെ ഒരു കുട്ടി ക്ലാസിലുള്ളതായി മനസ്സിലാക്കിയത്.
ഇതോടെ കോഴ്സ് കോഓഡിനേറ്റർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ വിവരമറിയിക്കുകയായിരുന്നു