വയനാട്: വയനാട് ബത്തേരിയിലിറങ്ങിയ പിഎം 2 എന്ന കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. ജനവാസ മേഖലയോട് ചേർന്ന വനത്തിൽ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ആർആർടി സംഘമാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലുള്ളത്. മുത്തങ്ങ ആന പരിശീലനകേന്ദ്രത്തിൽ നിന്നെത്തിച്ച രണ്ട് കുങ്കിയാനകളും സംഘത്തിലുണ്ട്.
മയക്കുവെടിവച്ച് പിടികൂടുന്ന കാട്ടാനായെ മുത്തങ്ങ ആനപന്തിയിലെ കൂട്ടിൽ അടച്ച് മെരുക്കും. ആനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവച്ച് പിടികൂടാൻ തിരുമാനിച്ചത്. അതേസമയം, ബത്തേരിയിൽ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈൽഡ് ലൈഫ് വാർഡന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാൻ വനം വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തൽ.
ബത്തേരിയിലിറങ്ങിയ ആളെ കൊല്ലിയായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതിൽ ഇന്നലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.