വയനാട്: മുത്തങ്ങയിൽ കൂട്ടിലിട്ട പിഎം 2 കാട്ടാന മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിൽ. കാട്ടാനയുടെ ദേഹത്ത് ചെറിയ മുറിവുകളൊഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. കാട്ടാനയെ മെരുക്കിയെടുക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആന പാപ്പാന്മാരോട് മെരുങ്ങാൻ തന്നെ ദിവസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ. വർഷങ്ങൾക്ക് മുൻപ് വടക്കനാടിനെ വിറപ്പിച്ച കൊമ്പനെ രണ്ട് മാസം കൂട്ടിലടച്ചാണ് വനം വകുപ്പ് മെരുക്കിയത്. ഇത്രയും കാലം കാട്ടില്‍ സ്വൈര്യ വിഹാരം നടത്തിയിരുന്ന ആനയെ പെട്ടെന്ന് കൂട്ടിലടച്ചാല്‍ അത് മനുഷ്യരുമായി ഇണങ്ങാന്‍ കാലമെടുക്കും. ഇത്രയും കാലം കൂട്ടിലിട്ട് ചട്ടം പഠിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മനുഷ്യരെ അക്രമിച്ച ചരിത്രമുള്ള പിഎം 2 പോലുള്ള കാട്ടാനകളെ മെരുക്കുന്നത് ഏറെ ശ്രമകരമായ ദ്രൗത്യമാണ്.
ദിവസങ്ങളായി സുൽത്താൻ ബത്തേരി ടൗണിൽ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ ശേഷമാണ് പിഎം 2 എന്ന കാട്ടുകൊമ്പനെ മയക്ക് വെടി വച്ച് തളച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗങ്ങളെ മയക്കുവെടിവച്ച് പിടിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അതിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കാന്‍ വൈകിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടിവച്ചത്.
കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം. 2-ന് മയക്കുവെടിയേറ്റത്. വെടിയേറ്റ് മയങ്ങിയ ആനയെ ഇന്നലെ തന്നെ മുത്തങ്ങയിലേക്ക് കൊണ്ടു പോയി. ബത്തേരിയിൽ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാണ് പിഎം 2-നെ മാറ്റിയത്. വനമേഖലയിലും ഇടയ്ക്ക് ജനവാസമേഖലയിലുമായി അതിവേഗം നീങ്ങുകയായിരുന്ന പിഎം ടുവിനെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വനംവകുപ്രപ്പ് പിന്തുടര്‍ന്ന് നിരീക്ഷിച്ചു വരികയായിരുന്നു. പിഎം 2വിനൊപ്പം മറ്റൊരു കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ദൗത്യം സങ്കീര്‍ണമാക്കിയിരുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി പ്രവർത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. അതേസമയം ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം തേടിയിരുന്നു. ‘