കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ നീക്കത്തിന് തിരിച്ചടിയായത് മഹാരാജാസ് കോളജിലെ അധ്യാപകരുടെ ഉറച്ച നിലപാട്. മാർക്ക് ലിസ്റ്റ് വിവാദത്തിൽ കോളജ് പ്രിൻസിപ്പലിനെയും അധ്യാപകനെയും ബലിയാടാക്കി സംഭവത്തിൽനിന്ന് തലയൂരാനായിരുന്നു ആദ്യം നീക്കം. അതിനാണ് ആർഷോ പരാതി നൽകിയത്. എന്നാൽ, കോളജ് പ്രിൻസിപ്പലിനും ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാർ കല്ലോനിക്കലിനും എതിരെ നടപടിയെടുക്കാനുള്ള നീക്കത്തെ അധ്യാപക സംഘടന ഒറ്റക്കെട്ടായി എതിർത്തു.
വിനോദ് കുമാറിനും പ്രിൻസിപ്പലിനും എതിരായി എന്തെങ്കിലും നടപടി ഉണ്ടായാൽ പരസ്യ പ്രതിഷേധമുയർത്താൻ അധ്യാപകർ തീരുമാനിച്ചു. ഇക്കാര്യം സംഘനാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പ്രിൻസിപ്പലിനെയും വിനോദ് കുമാറിനും സംരക്ഷിക്കുക എന്ന തീരുമാനത്തിൽ അധ്യാപക സംഘടന ഉറച്ചു നിന്നു. പാർട്ടി ദൂതന്മാർ ഇടപെട്ട് അധ്യപകരുടെ തീരുമാനം മാറ്റാൻ സമ്മർദം ചെലുത്തിയെങ്കിലും ബഹുഭൂരിപക്ഷം അധ്യാപകർ പിൻവാങ്ങാൻ തായാറായില്ല.
ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ എന്നായിരുന്നു അധ്യാപകരുടെ നിലപാട്. തെറ്റ് ചെയ്യാത്ത പ്രിൻസിപ്പാളിനെയും കോഡിനേറ്ററെയും മാറ്റാൻ കഴിയില്ലെന്ന സംഘടന നിലപാട് സ്വീകരിച്ചു. ഇതിനിടയിൽ പാർട്ടി കേന്ദ്രങ്ങളിൽനിന്ന് ഭീഷണി വരെയുണ്ടായി എന്നാണ് ചില അധ്യാപകർ പറയുന്നത്. സംഭവത്തിൽ പ്രിൻസിപ്പലിനെയും വിനോദ് കുമാറിനെയും കൈവെടിയാൻ സംഘടന തയാറായില്ല.
അതേസമയം, മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട സൈബർ ആക്രത്തിനെതിരെ വിനോദ് കുമാർ നൽകിയ ഹരജിയിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. മഹാരാജാസ് കോളജിനുള്ളിൽ നിരവധി പ്രശ്നങ്ങൾ പാർട്ടി നേതൃത്വത്തെ അധ്യാപകർ അറിയിച്ചുവെന്നാണ് സൂചന. കോളജിലെ അക്കാദമിക് അന്തരീക്ഷം ആകെ താറുമാറായി. ഓട്ടോണമസ് സമ്പ്രദായം ശരിയായ രീതിയിലല്ല കോളജിൽ നടപ്പാക്കുന്നത്. ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകൻ തന്നെ ഉത്തര പേപ്പർ മൂല്യനിർണം നടത്തുന്ന അവസ്ഥയുണ്ട്.
കോളജ് നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് അദ്യാപകുടെ ആവശ്യം. പ്രശ്നങ്ങൾ പരിഹാരമുണ്ടായില്ലെങ്കിൽ കേളജിലെ അക്കാദമിക് രംഗം വലിയ പ്രതിസന്ധി നേരിടുമെന്നാണ് അധ്യാപകർ നൽകുന്ന മുന്നറിയിപ്പ്. അതേസമയം എസ്.എഫ്.ഐക്ക് എതിരെ വിദ്യാർഥികളുടെ ഭാഗത്തുനിന്നും പരസ്യമായ പരാതികൾ ഉയർന്നു. ഹോസ്റ്റലിലെ വിദ്യാർഥികൾ സുരക്ഷ ആവശ്യപ്പെട്ട് പരാതി നൽകി.