ന്യൂഡൽഹി∙ സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഉടനടി നടപടി സ്വീകരിക്കാൻ വിഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
3000ൽപരം ഇന്ത്യക്കാരാണ് സുഡാനിൽ ആകെ ഉള്ളതെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. സുഡാനിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി ആരാഞ്ഞു. ജാഗരൂകരായിരിക്കാനും സംഭവവികാസങ്ങൾ കൃത്യമായി നിരീക്ഷിക്കാനും അദ്ദേഹം നിർദേശം നൽകി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സുഡാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായി ആശയ വിനിമയം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
സുഡാനിലെ സ്ഥിതിഗതികളെപ്പറ്റി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തിയിരുന്നു. സുഡാനിലെ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സുഡാനിലെ ഇന്ത്യൻ അംബാസഡർ രവീന്ദ്ര പ്രസാദ് ജയ്സ്വാൾ തുടങ്ങിയവർ പങ്കെടുത്തു.
സുഡാൻ ആഭ്യന്തര കലാപത്തിൽ 413 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. റമസാൻ മാസം അവസാനിക്കുന്നതിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ലോകരാജ്യങ്ങൾ സുഡാൻ ഭാരണാധികാരികളോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. സൈനിക വിമാനങ്ങൾ ബോംബ് വർഷിക്കുകയാണ്. സൈന്യത്തെ എതിർക്കുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് (ആർഎസ്എഫ്) ട്രക്കുകളിലെത്തി വെടിയുതിർക്കുന്നു. ആശുപത്രികളിലധികവും അടച്ചതിനാൽ പരുക്കേറ്റവർക്ക് ചികിത്സയും കിട്ടുന്നില്ല.