ദില്ലി: ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഡീസൽ എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും. ഇന്ധനം കൊണ്ടുപോകുന്നതിനുള്ള ചെലവ് ചുരുക്കുന്നതിന്റെയും കാർബൺ ഫൂട്പ്രിന്റ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് 377 കോടി രൂപയുടെ പൈപ്പ് ലൈൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്തത്. പൈപ്പ് ലൈൻ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ പുതിയ അധ്യായം രചിക്കുമെന്ന് ഉദ്ഘാടന വേളയിൽ മോദി പറഞ്ഞു.
നിലവിൽ 512 കിലോമീറ്റർ റെയിൽ പാതയിലൂടെയാണ് ബംഗ്ലാദേശിലേക്ക് ഡീസൽ വിതരണം ചെയ്യുന്നത്. 131.5 കിലോമീറ്റർ പൈപ്പ് ലൈൻ അസമിലെ നുമാലിഗഡിൽ നിന്ന് ബംഗ്ലാദേശിലേക്ക് പ്രതിവർഷം 10ലക്ഷം ടൺ വരെ ഡീസൽ എത്തിക്കും. 2018ലാണ് പൈപ്പ് ലൈൻ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. പദ്ധതിയുടെ ആകെ ചെലവായ 377 കോടിയിൽ, 285 കോടി രൂപ ഇന്ത്യൻ സർക്കാർ സഹായമായി നൽകി. വടക്കൻ ബംഗ്ലാദേശിലെ ഏഴ് ജില്ലകളിലേക്ക് പ്രതിവർഷം 10 ലക്ഷം ടൺ ഡീസൽ എത്തിക്കാമെന്നതാണ് പ്രധാന നേട്ടം.നുമാലിഗഡ് റിഫൈനറി ലിമിറ്റഡിന്റെ സിലിഗുരി ആസ്ഥാനമായുള്ള മാർക്കറ്റിംഗ് ടെർമിനലിൽ നിന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷന്റെ (ബിപിസി) പർബതിപൂർ ഡിപ്പോയിലേക്കാണ് പൈപ്പ് ലൈൻ എത്തുക. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇന്ധന ഗതാഗത കരാർ 15 വർഷത്തേക്ക് പ്രാബല്യത്തിലായി.