ന്യൂഡല്‍ഹി: പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. പദ്ധതിക്ക് 75000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സുസ്ഥിര വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്‌സിഡി നേരിട്ട് നല്‍കുന്ന പദ്ധതിയാണിത്. കുറഞ്ഞ പലിശനിരക്കില്‍ ബാങ്ക് വായ്പയാണ് മറ്റൊരു ആകര്‍ഷണം. ജനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.