ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. ജയിലിൽവെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താനായി ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുകയാണെന്ന് എ.എ.പി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വീട്ടിൽ നിന്നുള്ള ഭക്ഷണം എത്തിക്കാതെ കെജ്രിവാളിനെ കൊല്ലാനാണ് നീക്കം നടക്കുന്നതെന്നും അവർ പറഞ്ഞു.പ്രമേഹരോഗ ബാധിതനായ കെജ്രിവാൾ മാങ്ങയും മധുരപലഹാരങ്ങളും കഴിച്ച് രോഗതീവ്രത കൂട്ടി ജാമ്യത്തിനായി ശ്രമിക്കുകയാണെന്ന് നേരത്തേ ഇ.ഡി കോടതിയിൽ ആരോപിച്ചിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പരിശോധിക്കണമെന്നും ചികിത്സക്കായി ഡോക്ടറെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെജ്രിവാൾ ഡൽഹി കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി കോടതി പരിഗണിക്കവെയായിരുന്നു ഇ.ഡിയുടെ ആരോപണം.
ഹരജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെയാണ് ഗുരുതര ആരോപണവുമായി അതിഷി രംഗത്തുവന്നത്.വീട്ടിൽ നിന്ന് ജയിലിലേക്ക് ഭക്ഷണം എത്തിക്കുന്നത് തടയാനാണ് ബി.ജെ.പിയും ഇ.ഡിയും ശ്രമിക്കുന്നത്. അദ്ദേഹം ജയിലിൽ വെച്ച് മധുരം കഴിക്കുന്നുവെന്ന ഇ.ഡി വാദം പച്ചക്കള്ളമാണെന്നും അതിഷി പറഞ്ഞു.
അദ്ദേഹം മാങ്ങയും പഴവും കഴിക്കുന്നുവെന്നാണ് ഇ.ഡി പറയുന്നത്. മറ്റൊന്ന് എല്ലാ ദിവസവും ആലൂ പൂരി കഴിക്കുന്നുവെന്നും. ആഴ്ചയിൽ ഒരു ദിവസമാണ് കെജ്രിവാൾ പൂരി കഴിക്കുന്നതെന്ന് ഡയറ്റ് ചാർട്ട് നോക്കിയാൽ മനസിലാക്കാൻ പറ്റും. കെജ്രിവാളിനെ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയാണിതെന്നും അവർ പറഞ്ഞു. തിഹാർ ജയിൽ അധികൃതർ കെജ്രിവാളിന് ഇൻസുലിൻ നൽകുന്നില്ലെന്നും അതിഷി പറഞ്ഞു. ചില ദിവസങ്ങളിൽ കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 വരെ ആയിട്ടുണ്ട്. അദ്ദേഹം ഇൻസുലിനായി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജയിൽ അധികൃതർ നൽകിയില്ലെന്നും അവർ കുറ്റപ്പെടുത്തി.