ദില്ലി : കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിച്ചെന്നും അവിടുത്തെ വിശ്വാസികളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ശനിയാഴ്ചയാണ് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടന്നത്. ഗുരുദ്വാരയ്ക്ക് സമീപനം നിരവധി സ്ഫോടനങ്ങൾ നടന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അജ്ഞാതരായ അക്രമികൾ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റി ഗുരുദ്വാര തകർക്കാൻ ആയിരുന്നു ഭീകരരുടെ ശ്രമം. സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് ഭീകരർ കർത്ത പർവാൻ ഗുരുദ്വാരയിലേക്ക് ഇരച്ചു കയറിയത്. ഗുരുദ്വാരയുടെ കാവൽക്കാരനെ വെടിവെച്ചു കൊന്ന ഭീകരർ പ്രാർത്ഥനയ്ക്ക് എത്തിയ സിഖ് മതവിശ്വാസിയെയും വധിച്ചു. വെടിവെപ്പിലും സ്ഫോടനങ്ങളിലും നിരവധി പേർക്ക് പരിക്കുണ്ട്. സ്‌ഫോടനത്തിൽ ഗുരുദ്വാരയ്ക്ക് സമീപമുള്ള കടകളിലേക്കും തീ പടർന്നു. ഏറെ നേരം ഗുരുദ്വാരയ്ക്ക് ഉള്ളിൽ വെടിവെപ്പും ഉഗ്ര സ്ഫോടനങ്ങളും ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗുരുദ്വാരയ്ക്കു സമീപം നിറയെ സ്‌ഫോടക വസ്തുക്കളുമായി പാർക്ക് ചെയ്തിരുന്ന കാർ കണ്ടെത്തി വൻ സ്ഫോടനം ഒഴിവാക്കിയതായി അഫ്ഗാൻ പോലീസ് പറഞ്ഞു. 1970 കളിൽ ഒരു ലക്ഷത്തിലേറെ സിഖ് മത വിശ്വാസികൾ അഫ്ഗാനിൽ ഉണ്ടായിരുന്നു. താലിബാൻ ഭീകരർ അടക്കമുള്ളവരുടെ നിരന്തര പീഡനം കാരണം സിഖ് വിശ്വാസികളുടെ എണ്ണം ഇന്ന് വെറും 140 ആയി ചുരുങ്ങി. മുൻപ് താലിബാൻ ഭീകരരുടെ നിരന്തര പീഡനത്തിന് ഇരയായ സിഖ് വിശ്വാസികളെ ഇന്ന് വേട്ടയാടുന്നത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആണ്.
അഫ്ഗാനിസ്ഥാനിലെ മറ്റു മത ന്യൂനപക്ഷങ്ങൾ ആയ ഷിയാകൾ, ഹിന്ദുക്കൾ എന്നിവർക്ക് എതിരെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. താലിബാൻ അധികാരം പിടിച്ച ശേഷം അനവധി അക്രമണങ്ങളാണ് ഐ.എസ് ഭീകര സംഘങ്ങൾ നടത്തിയത്. ആശങ്കാജനകമായ വിവരങ്ങളാണ് കാബൂളിൽ നിന്ന് വരുന്നതെന്നും ഇന്ത്യ സ്ഥിതി സൂഷ്മമായി നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.