ജയ്പുർ∙ മുംബൈ–ഡൽഹി എക്സ്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ദൗസയിലാണ് 1,386 കിലോമീറ്റർ ദൂരമുള്ള എക്സ്പ്രസ് വേയുടെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം(സബ്കാ സാത്, സബ്കാ വികാസ്) എന്നതാണ് ദേശത്തിനുള്ള ഞങ്ങളുടെ മന്ത്രമെന്നും മികച്ച ഭാരത്തിനായി അത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. വികസ്വര ഇന്ത്യയുടെ മഹത്തായ ചിത്രമാണ് ഈ അതിവേഗപാതയെന്നും മോദി കൂട്ടിച്ചേർത്തു.
ഹൈവേ, തുറമുഖങ്ങൾ, റെയിൽവേ, ഒപ്റ്റിക്കൽ ഫൈബർ എന്നിവയിൽ സർക്കാർ നിക്ഷേപിക്കുകയും പുതിയ മെഡിക്കൽ കോളജുകൾ തുറക്കുകയും ചെയ്യുന്നത് വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും വ്യവസായശാലകൾക്കും ശക്തിപകരും. തൊഴിൽപരമായ ആവശ്യത്തിന് ഡൽഹിലേക്കു പോകുന്നയാൾക്ക് ഇപ്പോൾ അതു തീർത്ത് വൈകിട്ടാകുമ്പോൾ വീട്ടിൽ തിരിച്ചെത്താൻ ഇനി സാധിക്കുമെന്നും മോദി പറഞ്ഞു. അതിവേഗ പാത എത്തുമ്പോൾ അതിനു ചുറ്റുമുള്ള കച്ചവടങ്ങളും അതിലൂടെ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.