ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീരിലെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 2019-ലെ ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മുവിൽ എത്തുന്നത്.
ജമ്മു ശ്രീനഗർ ദേശീയ പാതയിലെ എട്ടു കിലോമീറ്റർ നീളമുള്ള ബനിഹാൾ- ഖാസികുണ്ട് തുരങ്കം പ്രധാനമന്ത്രി തുറന്നു കൊടുക്കും. രണ്ടു ജലവൈദ്യുത പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. പല്ലി ഗ്രാമത്തിൽ എത്തുന്ന പ്രധാനമന്ത്രി പഞ്ചായത്തി രാജ് ദിനത്തിൽ പഞ്ചായത്ത് അംഗങ്ങളെ അഭിസംബോധന ചെയ്യും. 500 കിലോവാട്ട് സൗരോർജ്ജ പ്ലാൻ്റിൻ്റെ ഉദ്ഘാടനവും പല്ലിയിൽ പ്രധാനമന്ത്രി നിർവ്വഹിക്കും. ആകെ ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ഈ സന്ദര്‍ശനത്തിൽ മോദി ഉദ്ഘാടനം ചെയ്യുക.
രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ വധിച്ചിരുന്നു. വെള്ളിയാഴ്ച സിഐഎസ്എഫ് ജവാൻമാർ സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയും ആക്രമണം നടന്നിരുന്നു. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.പ്രധാനമന്ത്രി സന്ദർശിക്കുന്ന പല്ലി ഗ്രാമത്തിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ വച്ചാണ് സിഐഎസ്എഫ് ബസിനു നേരെ ആക്രമണം നടന്നത്. ഇവിടെ മുതിർന്ന ഉദ്യോഗസ്ഥരെത്തി സുരക്ഷ വിലയിരുത്തി.