ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ‘ബുള്‍ഡോസര്‍ ഭരണ’ത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാഫിയകള്‍ക്കെതിരായ ശക്തമായ നടപടി സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തിയെന്നും, യുപിയിലെ ബുള്‍ഡോസര്‍ ഭരണം മധ്യപ്രദേശിലും ഗുജറാത്തിലും ഡല്‍ഹിയിലും സ്വാധീനം ചെലുത്തിയെന്നും മോദി പറഞ്ഞു. നേപ്പാള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേ ലക്നൗവില്‍ യുപി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
കോവിഡ് മഹാമാരിയെ നേരിടാൻ നടത്തിയ സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കാന്‍ വിപുലമായ പ്രചാരണം വേണമെന്ന് അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. പരമാവധി സമയം തങ്ങളുടെ മണ്ഡലങ്ങളിൽ ചെലവഴിക്കാനും സർക്കാരിന്റെ പരിപാടികൾ നടപ്പാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. സർക്കാർ പദ്ധതികൾ അർഹരായ എല്ലാവരിലും എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഭരണം മാത്രമേ അധികാരത്തിലേക്കുള്ള വഴി തുറക്കൂവെന്ന് പറഞ്ഞ പ്രധാനമന്ത്രി, വിശ്രമിക്കാൻ സമയമില്ലെന്നും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ എല്ലാവരും ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. പൊതുസ്വത്തിലോ, പാവപ്പെട്ടവരുടെ സ്വത്തിലോ, ബിസിനസുകാരുടെ സംരംഭങ്ങളിലോ അനധികൃതമായി കടന്നുകയറുകയോ നശിപ്പിക്കുകയോ ചെയ്യുന്നവരുടെ സാമ്രാജ്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് യോഗി പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘ബുള്‍ഡോസര്‍ ബാബ’ എന്നാണ് യോഗിയെ വിശേഷിപ്പിച്ചിരുന്നത്.