മുംബൈ : അമ്മയുടെ അസാധാരണ ജീവിതം മുഴുവന്‍ ലാളിത്യം നിറഞ്ഞുനില്‍ക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മ ഹീരാബേന്‍ മോദിയുടെ പിറന്നാളിലെഴുതിയ കുറുപ്പില്‍ അടിവരയിട്ടുപറയുന്നത്. പ്രാരാബ്ദങ്ങളോട് ആയുസിന്റെ പകുതിയോളം കാലം ഒറ്റയ്ക്ക് പോരാടിയിട്ടും മകന്റെ നേട്ടങ്ങളില്‍ ദൂരെ നിന്ന് അഭിമാനിക്കുക മാത്രമേ തന്റെ അമ്മ ചെയ്തിട്ടുള്ളൂവെന്ന് പ്രധാനമന്ത്രി എഴുതുന്നു. ആ നേട്ടങ്ങളുടെ കീര്‍ത്തി പറ്റാന്‍ ഒരിക്കലും താല്‍പ്പര്യം കാണിക്കാതിരുന്ന ഹീരാബേന്‍ മകന്‍ പ്രധാനമന്ത്രി ആയതുള്‍പ്പെടെ ദൈവത്തിന്റെ കൃപ ഒന്നുകൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്നു. താനും ദൈവത്തിന്റെ കൈയിലെ ഒരു ഉപകരണം മാത്രമാണെന്ന് വിശ്വസിക്കാനായിരുന്നു ഹീരാബേന്‍ മോദിയ്ക്ക് ഇഷ്ടം. അമ്മ തന്നെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നു.
രണ്ടേ രണ്ട് അവസരങ്ങളില്‍ മാത്രമാണ് നരേന്ദ്രമോദിക്കൊപ്പം ഹീരാബേന്‍ മോദി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഏക്ത യാത്ര പൂര്‍ത്തിയാക്കി ലാല്‍ ചൗക്കില്‍ പതാക നാട്ടി തിരിച്ചെത്തവേ അഹമദാബാദില്‍ വച്ച് മോദിക്കൊപ്പം അമ്മയുണ്ടായിരുന്നു. അഭിമാനത്തോടെ മകന്റെ ശിരസില്‍ തിലകം ചാര്‍ത്തുന്ന അമ്മയുടെ ചിത്രം രാജ്യത്തെ ലക്ഷക്കണക്കിനാളുകള്‍ ഹൃദയത്തിലേറ്റി. അതിനുമുന്‍പ് മോദിക്കൊപ്പം അമ്മ പൊതുവേദിയിലെത്തിയത് 2001ലാണ്. ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനായിരുന്നു മോദിക്കൊപ്പം അമ്മയെത്തിയത്.
ലളിതവും സുന്ദരവും അവിശ്വസനീയവുമായ ജീവിതമാണ് അമ്മയുടേതെന്ന് ബ്ലോഗിലൂടെ മോദി പറയുന്നു. ചെറിയ വീട്ടിലെ ഒരു കുഞ്ഞുമുറിയാണ് അമ്മയുടെ ഇടം. അമ്മയ്ക്ക് സ്വര്‍ണാഭരണങ്ങളോടോ നിറപകിട്ടുള്ള വസ്ത്രങ്ങളോടോ യാതൊരു താല്‍പര്യവുമില്ല. സ്വന്തം പേരില്‍ അമ്മയ്ക്ക് യാതൊരുവിധ സ്വത്തുക്കളുമില്ല. മോദി പറഞ്ഞു. ലാളിത്യവും ചിന്തകളുടെ സമ്പന്നതയും കൊണ്ടാണ് അമ്മ എല്ലാവരേയും വിസ്മയിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.