ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കായികതാരങ്ങള്‍ക്കെല്ലാം പ്രചോദനമാണ് മിതാലിയെന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. മിതാലിയുടെ നേട്ടം കണക്കുകളിലും റെക്കോര്‍ഡുകളിലും മാത്രം ഒതുങ്ങുന്നതല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യം മുഴുവന്‍ ആദരിക്കുന്ന പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ച അഭിനന്ദനം അഭിമാനമായി കരുതുന്നുവെന്ന് പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം പങ്കുവെച്ച് ട്വിറ്ററില്‍ മിതാലി കുറിച്ചു. താനുള്‍പ്പെട്ടെ ലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് മാതൃകാപുരുഷനും പ്രചോദനവുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം തനിക്ക് വലിയ അംഗീകാരമാണെന്നും മിതാലി കുറിച്ചു.
ഓരോ നേട്ടങ്ങളെയും എണ്ണിയെണ്ണി പറഞ്ഞുള്ള പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം തനിക്ക് വിലമതിക്കാനാവാത്ത സമ്മാനമാണെന്നും തന്‍റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് പ്രചോദനമാണെന്നും മിതാലി പറഞ്ഞു. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി ജൂണ്‍ എട്ടിനാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്. 23 വര്‍ഷം നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിട്ടത്.