ന്യൂഡൽഹി : 153-ാം ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പൂക്കളർപ്പിച്ചു. ഗാന്ധിജിയുടെ ആദർശങ്ങൾ ആഗോളതലത്തിൽ മുഴങ്ങിക്കേൾക്കുന്നുവെന്നും കോടിക്കണക്കിന് പേർക്ക് അദ്ദേഹത്തിന്റെ ആശയങ്ങൾ ശക്തിയേകുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഖാദി ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും വാങ്ങി എല്ലാവരും ഗാന്ധിജിക്ക് ആദരമർപ്പിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
ഇന്നേദിവസം തന്നെയാണ് ഇന്ത്യയുടെ രണ്ടാം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനവും. അദ്ദേഹത്തെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ശാസ്ത്രിയുടെ, തീരുമാനം എടുക്കാനുള്ള കഴിവും ലാളിത്യവും രാജ്യമെങ്ങും ആരാധിക്കപ്പെടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ശാസ്ത്രിയുടെ സമാധിസ്ഥലമായ വിജയ് ഘട്ടിലും പ്രധാനമന്ത്രി ആദരം അർപ്പിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഗാന്ധിജിക്കും ശാസ്ത്രിക്കും ആദരമർപ്പിച്ചു. ഇരുവരും രാജ്ഘട്ടിലും പിന്നീട് വിജയ് ഘട്ടിലുമെത്തി പുഷ്പചക്രം അർപ്പിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കായി കർണാടകയിലുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൈസൂരുവിലെ ബഡ്നവളുവിലെ ഖാദി ഗ്രാമോദ്യോഗ് ഓഫിസിലെ മഹാത്മാഗാന്ധി പ്രതിമയിൽ പൂക്കൾ അർപ്പിച്ച് ആദരമർപ്പിച്ചു. പ്രാർഥനാ ചടങ്ങിലും പങ്കെടുത്തു. യാത്രയുടെ 25ാം ദിനത്തിൽ ബഡ്നവളുവിലെ ഖാദി ഗ്രാമ വ്യവസായങ്ങളും രാഹുൽ സന്ദർശിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുതിർന്ന നേതാവ് മല്ലികാർജുർ ഖർഗെയും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗവിലെ ഗാന്ധി ആശ്രമത്തിലെത്തി ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് എംപി ശശി തരൂർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നാരായൺ റാണെ തുടങ്ങിയവർ മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലെത്തി മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചു.
‘‘ബാപ്പു സത്യത്തിന്റെ ഉദാഹരണമാണ്. ധൈര്യത്തിന്റെ വിളക്കാണ്. രാജ്യത്തെ ജനങ്ങളുടെ സഹനം പങ്കിട്ട്, രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുന്ന ഇന്ത്യയുടെ യാത്രികനാണ് ബാപ്പു. ഇന്ന് ബാപ്പു കാണിച്ചുതന്ന പാതയിലൂടെ ‘ഭാരത് ജോഡോ’ എന്ന മുദ്രാവാക്യം നാവിലേന്തിയും ഐകമത്യത്തിന്റെ വിളക്ക് കയ്യിലേന്തിയും യാത്ര ചെയ്യുകയാണ് നമ്മൾ.’’ – കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ശാസ്ത്രിയെയും പ്രിയങ്ക അനുസ്മരിച്ചു.