കൊൽക്കത്ത: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ അതേ വിധിയായിരിക്കും ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ ഇദ്രിസ് അലി. രാജി ആവശ്യപ്പെട്ട് ജനം ഔദ്യോഗിക വസതിയിലെത്തിയതോടെ ഗോട്ടബയ രാജപക്സെ രാജ്യത്തുനിന്നു രക്ഷപെട്ടിരുന്നു. കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷൻ ഉദ്ഘാടനത്തിനു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ക്ഷണിക്കാതിരുന്നതിനു പിന്നാലെയാണു രൂക്ഷവിമർശനവുമായി എംഎൽഎ രംഗത്തെത്തിയത്.
ജൂലൈ 11ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. റെയിൽവേ മന്ത്രിയായിരിക്കെ പദ്ധതിക്കു മുൻകൈയെടുത്ത മമതാ ബാനര്‍ജിയെ ക്ഷണിക്കാത്തത് അവരോടുള്ള അനീതിയാണെന്ന് ഇദ്രിസ് അലി പ്രതികരിച്ചു. ഉദ്ഘാടന ചടങ്ങിലേക്കു തൃണമൂല്‍ കോൺഗ്രസിനു പ്രാധിനിധ്യം ഇല്ലാത്തതിൽ പാർട്ടി പ്രതിഷേധത്തിലാണ്. നേരത്തേ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന മറ്റൊരു പരിപാടിയിലേക്കും ബംഗാൾ മുഖ്യമന്ത്രിക്കു ക്ഷണം ലഭിച്ചിരുന്നില്ല.
കേന്ദ്രസർക്കാർ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നു തൃണമൂൽ ആരോപിച്ചു. അതേസമയം ഈ രീതിക്കു തുടക്കമിട്ടത് തൃണമൂൽ കോൺഗ്രസാണെന്നു ബിജെപി തിരിച്ചടിച്ചു. സംസ്ഥാന സർക്കാരിന്റെ പരിപാടികളിലേക്ക് ബിജെപി എംഎല്‍എമാരെയും എംപിമാരെയും ക്ഷണിക്കാറില്ലെന്നാണു ബിജെപിയുടെ പരാതി.