ന്യൂഡൽഹി: ബി.ജെ.പിയും എൻ.ഡി.എയും തെരഞ്ഞടുപ്പിന് പൂർണസജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കമീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ എക്സിലൂടെയാണ് മോദി പ്രതികരിച്ചത്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴു ഘട്ടങ്ങളിലായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജൂൺ നാലിനാണ് ഫലപ്രഖ്യാപനം. ‘ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ഉത്സവം എത്തിയിരിക്കുന്നു! തെരഞ്ഞെടുപ്പ് കമീഷൻ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഞങ്ങൾ, ബി.ജെ.പിയും എൻ.ഡി.എയും തെരഞ്ഞെടുപ്പിന് പൂർണ സജ്ജമാണ്. മികച്ച ഭരണത്തിന്‍റെയും വിവിധ മേഖലകളിൽ നൽകിയ സേവനങ്ങളുടെയും ട്രാക്ക് റെക്കോഡിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ജനങ്ങളുടെ അടുത്തേക്ക് പോകുന്നത്’ -മോദി എക്സിൽ കുറിച്ചു.
പ്രതിപക്ഷത്തിനെ കടന്നാക്രമിക്കുകയും ചെയ്തു. പത്ത് വർഷം മുമ്പ് എൻ.ഡി.എ അധികാരത്തിലെത്തുമ്പോൾ ഇന്ത്യയുടെ അവസ്ഥ ദയനീയമായിരുന്നു. അഴിമതി ഇല്ലാത്ത ഒരു മേഖല പോലും ഇല്ലായിരുന്നു. ലോകം ഇന്ത്യയെ കൈവിട്ടു. അവിടെ നിന്നാണ് വലിയ വഴിത്തിരിവുണ്ടാകുന്നത്. നമ്മുടെ പ്രതിപക്ഷത്തിന് നായകനോ വിഷയങ്ങളോ ഇല്ല. ഞങ്ങളെ അധിക്ഷേപിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയും മാത്രമാണ് അവർ ചെയ്യുന്നത്. അവരുടെ വംശീയ സമീപനവും സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും സ്വീകരിക്കപ്പെടുന്നില്ല. അഴിമതി ട്രാക്ക് റെക്കോഡ് അവരെ വേട്ടയാടുകയാണ്. ഇത്തരം നേതൃത്വം ജനങ്ങൾക്ക് വേണ്ടെന്നും മോദി കൂട്ടിച്ചേർത്തു.