ന്യൂഡൽഹി : അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി യുടെ 2023 സെഷൻ നടത്താൻ മുംബൈയെ എതിരില്ലാതെ തെരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തീരുമാനം ലോകകായിക രംഗത്തിൽ ഗുണകരമായ മാറ്റം കൊണ്ടുവരുമെന്നും സെഷൻ ഓർമിക്കപ്പെടുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ബീജിങ്ങിൽ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നത്. നാല് പതിറ്റാണ്ടിനിടെ ആദ്യമായായാണ് 2023ൽ നടക്കുന്ന ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 1983ലാണ് അവസാനമായി ഇന്ത്യ ഐഒസിയോഗത്തിന് ആതിഥേയത്വം വഹിച്ചത്. ഇത് ഇന്ത്യയുടെ യുവജനതയും ഒളിമ്പിക്സ് പ്രസ്ഥാനവും തമ്മിൽ ബന്ധമുണ്ടാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷൻ ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങളിലേക്കുള്ള സുപ്രധാന വഴിത്തിരിവാണെന്ന് ഐഒസി അംഗം നിത അംബാനി പറഞ്ഞു. 101 വോട്ടിംഗ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന ഐഒസി അംഗങ്ങളുടെ വാർഷിക യോഗത്തിലാണ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.