ദില്ലി : പരീക്ഷാ പേ ചര്‍ച്ച അഞ്ചാം ലക്കത്തിൽ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഡല്‍ഹിയിലെ താല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്ക് മുമ്പ് വിദ്യാര്‍ത്ഥികളുടെ വിവിധ കരവിരുതുകളുടെ പ്രദര്‍ശനമേള പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അന്നപൂര്‍ണ ദേവി, ഡോ. സുഭാഷ് സര്‍ക്കാര്‍, ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിംഗ്, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ക്കൊപ്പം ഓണ്‍ലൈനായി ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. യോഗത്തെ അഭിസംബോധന ചെയ്യവേ, കഴിഞ്ഞ വര്‍ഷത്തെ വെര്‍ച്വല്‍ സംവാദത്തിന് ശേഷം തന്റെ യുവസുഹൃത്തുക്കളെ വീണ്ടും കാണാന്‍ കഴിഞ്ഞതിലുള്ള ആഹ്ളാദം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
പിപിസി തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട പരിപാടികളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ വിക്രം സംവത് പുതുവര്‍ഷം ആരംഭിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭാവിയിലെ ആഘോഷങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പിപിസിയുടെ അഞ്ചാം ലക്കത്തിൽ പ്രധാനമന്ത്രി പുതിയ ഒരു രീതി അവതരിപ്പിച്ചു. താന്‍ മറുപടി പറയാത്ത ചോദ്യങ്ങള്‍ക്ക് നമോ ആപ്പില്‍ വീഡിയോ, ഓഡിയോ, ടെക്സ്റ്റ് രൂപത്തില്‍ മറുപടി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട പേടിയെയും സമ്മർദ്ദത്തെയും കുറിച്ചാണ് പ്രധാനമന്ത്രി ആദ്യം മറുപടി നൽകിയത്. ഇത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ആദ്യ പരീക്ഷ അല്ലാത്തതിനാല്‍ ഭയപ്പേടേണ്ടതില്ല. മുമ്പ് നേരിട്ട പരീക്ഷകളില്‍ നിന്ന് ലഭിച്ച പരിചയസമ്പത്ത് വരാനിരിക്കുന്ന പരീക്ഷകളിലെ സമ്മര്‍ദ്ദം അതിജീവിക്കുന്നതിന് സഹായകരമാകും.
പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ പഠിക്കാന്‍ കഴിയാതെ പോയേക്കാമെങ്കിലും അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. തങ്ങളുടെ കരുത്തില്‍ ആശ്രയിക്കാന്‍ നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി സാധാരണ ദിനചര്യകള്‍ പാലിച്ച് ശാന്തതയോടെ പരീക്ഷകളെ നേരിടാന്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരെ അനുകരിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. പരീക്ഷകളെ ഉത്സവപ്രതീതിയോടെ നേരിടാനും നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. യൂട്യൂബ് അടക്കം നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുള്ളപ്പോള്‍ എങ്ങനെയാണ് ശരിയായ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം കണ്ടെത്തുകയെന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ ചോദ്യം. ഓഫ് ലൈന്‍-ഓണ്‍ലൈന്‍ രീതിയിലുള്ള പഠനത്തിന്റെ പ്രശ്നമല്ല ഇതെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ഓഫ്ലൈന്‍ രീതിയിലുള്ള പഠനരീതിയായാലും മനസ് വഴിമാറി സഞ്ചരിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ”പഠിക്കാനുപയോഗിക്കുന്ന മാധ്യമം അല്ല മനസാണ് പ്രശ്നം” അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ആയാലും ഓഫ്ലൈന്‍ ആയാലും മനസ് പാഠഭാഗത്താണെങ്കില്‍ ചിന്തകള്‍ വഴിമാറില്ല. പഠനവുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കണം.
പുതിയ രീതിയിലുള്ള പഠനം ഒരു വെല്ലുവിളിയായല്ല, അവസരമായി കാണണം. ഓണ്‍ലൈന്‍ പഠനം നിങ്ങളുടെ ഓഫ്ലൈന്‍ പഠനത്തെ മികച്ചതാക്കും. ഓണ്‍ലൈന്‍ ശേഖരണവും ഓഫ്ലൈന്‍ അവ വളര്‍ത്തലും പരിശീലിക്കലുമാണ്. ദോശ ഉണ്ടാക്കുന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ഒരാള്‍ക്ക് ദോശ ഉണ്ടാക്കുന്നത് ഓണ്‍ലൈനായി പഠിക്കാം. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കലും കഴിക്കലും ഓഫ്ലൈനായി മാത്രമേ കഴിയൂ. വെര്‍ച്വല്‍ ലോകത്ത് ജീവിക്കുന്നതിനേക്കാള്‍ സ്വയം ചിന്തിക്കുന്നതിലും സ്വന്തം സ്വത്വത്തിനൊപ്പം നില്‍ക്കുന്നതിലും വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.