ഉജ്ജയിൻ: വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യം പുനരുജ്ജീവിപ്പിച്ച് പുതിയ ഇന്ത്യ മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനി ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ അഭിവൃദ്ധിക്കും വിജ്ഞാനത്തിനും നേതൃത്വം നൽകിയ നഗരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാകാലേശ്വർ ക്ഷേത്രത്തിൽ പൂജ നടത്തി 856 കോടി രൂപയുടെ ‘മഹാകൽ ലോക്’ ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
‘മഹാകാൽ ലോക’ത്തിന്റെ മഹത്വം വരും തലമുറകൾക്ക് ‘സാംസ്‌കാരികവും ആത്മീയവുമായ അവബോധം’ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. “ഹർ ഹർ മഹാദേവ്” എന്ന് പറഞ്ഞുകൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്, “മഹാദേവന്റെ കീഴിൽ ഒന്നും സാധാരണമല്ല, ഉജ്ജയിനിയിൽ എല്ലാം ഉദാത്തവും അവിസ്മരണീയവും അവിശ്വസനീയവുമാണ്”.അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യ അതിന്റെ പൗരാണിക മൂല്യങ്ങളുമായി മുന്നേറുമ്പോൾ, വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയത എല്ലാ കണികകളിലും അടങ്ങിയിരിക്കുന്നു, ഉജ്ജയിനിയുടെ എല്ലാ കോണുകളിലും ദൈവിക ഊർജ്ജം പ്രസരിപ്പിക്കപ്പെടുന്നു. ഉജ്ജയിനി ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ അഭിവൃദ്ധിയെയും വിജ്ഞാനത്തെയും അന്തസ്സിനെയും സാഹിത്യത്തെയും നയിച്ച നഗരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നവീകരണത്തിനൊപ്പമാണ് കണ്ടുപിടുത്തങ്ങൾ വരുന്നതെന്നും അടിമത്തത്തിന്റെ കാലഘട്ടത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ഇപ്പോൾ നവീകരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അത് പുതുക്കിപ്പണിയുകയും അതിന്റെ പ്രതാപം വീണ്ടെടുക്കുകയും ചെയ്യുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ആസാദി കാ അമൃത് മഹോത്സവ വേളയിൽ, അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് സ്വാതന്ത്ര്യവും പൈതൃകത്തിൽ നിന്ന് അഭിമാനവും പോലെ ഇന്ത്യ ‘പഞ്ചപ്രാണിന്’ ആഹ്വാനം ചെയ്തു. അതിനാൽ, അയോധ്യയിൽ മഹത്തായ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗം നടക്കുന്നു. കാശിയിലെ വിശ്വനാഥധാം ഇന്ത്യയുടെ സംസ്‌കാരത്തിൽ അഭിമാനം വർധിപ്പിച്ചു. വികസന പ്രവർത്തനങ്ങൾ സോമനാഥിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ബാബ കേദാറിന്റെ അനുഗ്രഹത്താൽ വികസനത്തിന്റെ പുതിയ അധ്യായങ്ങൾ കേദാർനാഥിലും ബദരീനാഥിലും എഴുതപ്പെടുകയാണ്,” മോദി പറഞ്ഞു.
നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രവും ഇന്ത്യയുടെ ബോധവും ചൈതന്യവും ഉണർന്നു. ഇൽതുമിഷിനെപ്പോലുള്ള അധിനിവേശക്കാർ ഉജ്ജയിനിയുടെ ഊർജ്ജം നശിപ്പിക്കാൻ ശ്രമിച്ചു, എന്നാൽ മഹാകാൽ പ്രഭുവിന് കീഴിൽ മരണത്തിന് പോലും ഉപദ്രവിക്കാനാവില്ലെന്ന് നമ്മുടെ ഋഷിമാർ പറഞ്ഞിട്ടുണ്ട്. അങ്ങനെ ആ വിശ്വാസം ഇന്ത്യയെ പുനരുജ്ജീവിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് മഹാകാലേശ്വർ ക്ഷേത്രത്തിൽ നിർമ്മിച്ച 900 മീറ്റർ നീളമുള്ള ‘മഹാകാല് ലോക്’ ഇടനാഴി രാജ്യത്തിന് സമർപ്പിക്കുന്നതിന് മുമ്പ് മോദി അവിടെ പൂജ നടത്തി. 900 മീറ്ററിലധികം നീളമുള്ള ഇടനാഴിയിൽ ആനന്ദ് താണ്ഡവ് സ്വരൂപം (ശിവന്റെ നൃത്തരൂപം), ശിവന്റെയും ശക്തി ദേവിയുടെയും 200 പ്രതിമകൾ, ചുവർചിത്രങ്ങൾ എന്നിവയുള്ള,108 തൂണുകൾ ഉണ്ട്.