മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മംഗളൂരു നഗരത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ്ഷോ നടത്തും. സുരക്ഷാ മുന്നൊരുക്കമായി എസ്.പി.ജി സംഘം വെള്ളിയാഴ്ച പരിശോധന നടത്തി. റോഡ്ഷോ നടക്കുന്ന ദിവസം വൈകീട്ട് അഞ്ചോടെ മംഗളൂരു നഗരത്തിൽ എല്ലാ തരം വാഹനങ്ങളുടേയും പ്രവേശനം തടയും. ബൽമട്ട, കൊട്ടാര ഭാഗങ്ങളിലെ പാതകൾ ബാരിക്കേഡ് വെച്ച് അടിച്ചാണ് ഗതാഗതം തടയുക.
റോഡ്ഷോയുടെ ഭാഗമായി ബിജെപി ഘടകങ്ങൾ പോത്തോട്ടം ഉൾപ്പെടെ സാംസ്കാരിക ഇനങ്ങൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് മുൻനിർത്തി കൂടിയാണ് എസ്.പി.ജി സംഘം പരിശോധന നടത്തിയത്. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണർ, മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ, വനം ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
വൈകിട്ട് ആറിന് മേരിക്കുന്നിനടുത്ത് ശ്രീനായണ ഗുരു സർക്ക്ളിൽ നിന്ന് ആരംഭിക്കുന്ന റോഡ്ഷോ ലാൽബാഗ് ജങ്ഷൻ, ബല്ലാൾബാഘ്, പി.വി.എസ് ജങ്ഷൻ വഴി നവഭാരത് സർക്ളിൽ സമാപിക്കും. ഹമ്പൻകട്ട വഴി സഞ്ചരിക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.