ന്യൂഡൽഹി: ഭരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഹാട്രിക്കിലേക്ക് കടക്കുമെന്ന എക്സിറ്റ് പോൾ പുറത്തുവന്നതിന്റെ ആവേശത്തിലാണ് ബി.ജെ.പി. വിവേകാനന്ദപ്പാറയിൽ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിറ്റ് പോൾ ഫലത്തിനു പിന്നാലെ, ഭാവികാര്യങ്ങൾ വിലയിരുത്താൻ അടിയന്തരയോഗങ്ങൾ വിളിച്ചിട്ടുണ്ട്. പുതിയ സർക്കാർ രൂപവത്കരിക്കുമ്പോഴുള്ള ആദ്യ 100 ദിന കർമപരിപാടികളെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഏറ്റവും പ്രധാനം. അതുപോലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചുഴലിക്കാറ്റ് ഭീതിയും യോഗങ്ങളിൽ വിലയിരുത്തും. പിന്നാലെയുള്ള യോഗത്തിൽ രാജ്യത്തെ ഉഷ്മതരംഗവും ചർച്ചയാകുമെന്നുമാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള റിപ്പോർട്ട്.
ജൂൺ അഞ്ചിലെ പരിസ്ഥിതി ദിനത്തിനായുള്ള മുന്നൊരുക്കങ്ങളും ചർച്ചയാകും. അതിനു ശേഷമാണ് 100 ദിന കർമപദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുക. ഏഴു യോഗങ്ങളാണ് ഇന്നുമാത്രം ചേരുന്നത്.പ്രധാന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് അനുകൂലമായിരുന്നു. 300 സീറ്റിലേറെ നേടി തുടർഭരണത്തിലേറാം എന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ജൂൺ നാലിനാണ് വോട്ടെണ്ണൽ.