ദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പഞ്ചാബിലെ 9 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തില്‍ അന്നത്തെ ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരിയും ഉള്‍പ്പെടുന്നു. മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി സമര്‍പ്പിച്ച കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി ആലോചിക്കുന്നത്. മുന്‍ ഡിജിപി ഉള്‍പ്പെടെ ഒമ്പത് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുകയാണെങ്കില്‍ നിയമപ്രകാരം എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
അന്നത്തെ പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) എസ് ചട്ടോപാധ്യായ; സീനിയര്‍ പോലീസ് സൂപ്രണ്ട് ഹര്‍മന്‍ദീപ് സിംഗ് ഹാന്‍സ്, ചരണ്‍ജിത് സിംഗ്; അഡീഷണല്‍ ഡിജിപിമാരായ നാഗേശ്വര റാവു, നരേഷ് അറോറ; ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരായ രാകേഷ് അഗര്‍വാള്‍, ഇന്ദര്‍ബീര്‍ സിങ്; അന്നത്തെ ഡെപ്യൂട്ടി ഐജി സുര്‍ജീത് സിംഗ് (ഇപ്പോള്‍ വിരമിച്ചു) എന്നിവരാണ് മറ്റ് ഉദ്യോഗസ്ഥര്‍.