കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാഴ്ചക്കിടെ വീണ്ടും കേരളത്തിലെത്തുമ്പോൾ ബി ജെ പി ലക്ഷ്യം വയ്ക്കുന്നത് ചില്ലറ പ്രതീക്ഷകളല്ല. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും പ്രധാനമന്ത്രിയെ മുൻ നിർത്തി കേരളത്തിൽ മുന്നേറാമെന്ന പ്രതീക്ഷയുമാണ് ബി ജെ പിക്കുള്ളത്. രണ്ടാഴ്ചക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുക മാത്രമാകില്ല ചെയ്യുക. തൃശൂരിൽ കഴിഞ്ഞ ആഴ്ച നടത്തിയ റോഡ് ഷോ വൻ വിജയമാണെന്ന വിലയിരുത്തലിന് പിന്നാലെ കേരളത്തിൽ മോദിയുടെ കൂടുതൽ റോഡ് ഷോകളും ബി ജെ പി ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായി കൊച്ചിയിൽ വമ്പൻ റോഡ് ഷോ നടത്താനാണ് തീരുമാനം. മോദിയുടെ കൊച്ചി റോഡ് ഷോ വമ്പൻ പരിപാടിയാക്കിമാറ്റാനാണ് പാർട്ടി നീക്കം. ഇതിന് പിന്നാലെ തലസ്ഥാനത്തും മോദിയുടെ റോഡ് ഷോ വൈകാതെ ഉണ്ടാകും. അടുത്ത മാസം മോദിയെ തിരുവനന്തപുരത്ത് എത്തിക്കാനാണ് നീക്കം നടക്കുന്നത്.
മോദിയുടെ ഗ്യാരന്‍റിയെന്ന ടാഗ് ലൈനിലൂടെ വികസനം ഉയർത്തിയാണ് ബി ജെ പി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. മോദി മയത്തിൽ എതിരാളികളുടെ പ്രചാരണങ്ങളെ മറികടക്കാമെന്നാണ് കണക്ക് കൂട്ടൽ. സഭാനേൃത്വത്തിന്‍റെ പിന്തുണ ഉറപ്പാക്കലും മോദി വഴി തന്നെയാകും. സന്ദർശനങ്ങളിലെല്ലാം സഭാ നേതൃത്വവുമായുള്ള ചർച്ചകളും പ്രധാന അജണ്ടയായി തുടരുന്നു.
കേരളം മാത്രമല്ല, ദക്ഷിണേന്ത്യ പിടിക്കുക എന്നതും ബി ജെ പിയുടെ പ്രധാന അജണ്ടയാണ്. കർണ്ണാടകക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് അധികാരത്തിലെത്തിയതോടെയാണ് ബി ജെ പി ദക്ഷിണേന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകാൻ തീരുമാനിച്ചത്. അതിൽ തന്നെ ഒരു സീറ്റുമില്ലാത്തെ കേരളത്തിൽ മോദി വഴി വലിയ അത്ഭുതങ്ങളാണ് പ്രതീക്ഷിക്കുന്നത്. 2019 ൽ 15.53 ആയിരുന്നു കേരളത്തിലെ പാർട്ടിയുടെ വോട്ട് വിഹിതം. പക്ഷെ ഇതിന്‍റെ ഇരട്ടിയിലേറെ ശതമാനം പേർ മോദിയെന്ന നേതാവിനെ പിന്തുണക്കുന്നുവെന്നാണ് അടുത്തിടെ പാർട്ടി നടത്തിയൊരു സർവ്വെയിലെ കണക്ക്. 16, 17 തിയ്യതികളിലെ സന്ദർശനത്തിന് പിന്നാലെ അടുത്ത മാസം പ്രധാനമന്ത്രിയുടെ റോഡ് ഷോ തലസ്ഥാനത്തും സംഘടിപ്പിക്കാനായാൽ അത് മുതൽക്കൂട്ടാകുമെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തൽ. മോദി പ്രതിച്ഛായയിലാണ് പ്രതീക്ഷയെങ്കിലും അത് വോട്ടാക്കി മാറ്റുന്ന പൊതുസമ്മതരായ സ്ഥാനാർത്ഥികളെ കൂടി കണ്ടെത്തലാണ് പാർട്ടിക്ക് മുന്നിലെ വെല്ലുവിളി. സിനിമാനടന്മാരെയും സാംസ്ക്കാരിക പ്രവർത്തകരെയെല്ലാം കൊണ്ട് വരാനുള്ള ശ്രമം സജീവമാണ്.