ദില്ലി: ജോഷിമഠിലെ ദുരിതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഭൂമി ഇടിഞ്ഞ് താഴുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. സ്ഥിതി പഠിക്കാൻ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാഭരണകൂടം ഉത്തരവിട്ടു.
ജോഷിമഠിൽ കെട്ടിടങ്ങൾ തകർന്നു വീഴുകയും, ഭൂമിക്കടിയിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. തൊട്ടടുത്തുള്ള ജ്യോതിർമഠിലും കെട്ടിടങ്ങളിൽ വിള്ളൽ കണ്ട് തുടങ്ങി. ജ്യോതിർമഠിൽ ശങ്കരാചാര്യ മഠത്തിൽ ചുവരിൽ വിള്ളൽ രൂപപ്പെട്ടു. ആശങ്ക കടുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട് പ്രശ്നത്തിൽ ഇടപെടുന്നത്. ഇന്ന് വൈകീട്ട് പരിസ്ഥിതി വിദഗ്ധരും, ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി പ്രധാനമന്ത്രി യോഗം ചേരും. ജനരോഷം ശക്തമായത് തിരിച്ചറിഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ തന്നെ സമിതിയെ നിയോഗിച്ചിരുന്നു. അതേസമയം, സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുകയാണ്.
ആദ്യ ഘട്ടത്തിൽ 600 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കുന്നത്. അടിയന്തര ചികിത്സാ സൗകര്യങ്ങളും, ഹെലികോപ്റ്ററുകളും, കൺട്രോൾ റൂമുകളും പ്രദേശത്ത് സജ്ജമാക്കി വെക്കാനാണ് നിർദേശം. ജ്യോഷിമഠിനും സമീപ പ്രദേശത്തുമുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വിനോദസഞ്ചാര മേഖലയിലടക്കം നടക്കുന്ന അശാസ്ത്രീയ നിർമ്മാണം ജലവൈദ്യുത പദ്ധതികൾക്കായുള്ള ഖനനം, ഉൾക്കൊള്ളാവുന്നതിലുമധികം സഞ്ചാരികളെത്തുന്നതുമൊക്കെ പ്രദേശത്ത് മണ്ണൊലിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.