മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധ ഭീഷണി ഉണ്ടായ സംഭവം ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും സലാം പറഞ്ഞു. മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സമസ്ത അധ്യക്ഷൻ തനിക്ക് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയത്. ചെമ്പരിക്ക ഖാസിയുടെ അനുഭവം തനിക്കുണ്ടായാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതിയെന്നും നിലപാടുകളിൽ നിന്ന് പിറകോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഭീഷണി കോൾ വന്ന കാര്യം തന്നോട് തങ്ങൾ തന്നോട് സംസാരിച്ചതായി സലാം വ്യക്തമാക്കി. ജിഫ്രി തങ്ങളുമായി സംസാരിച്ചിരുന്നു. അത്ര ഗൗരവമുള്ള കാര്യമൊന്നും അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു അജ്ഞാത കോൾ വന്നിരുന്നു. സിഎമ്മിന്റെ അനുഭവം അറിയാലോ എന്ന് പറഞ്ഞ് കട്ട് ചെയ്തു. അദ്ദേഹം അത് ഗൗരവമായി എടുത്തിട്ടില്ല. ഇത്തരം ഘട്ടങ്ങളിലൊക്കെ നേതാക്കൾക്ക് പല കോളുകളും വരാറുണ്ട്. വിദ്യാർഥികളോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം ഗൗരമായി എടുത്തില്ലെങ്കിലും ഞാനത് ഗൗരവമായി എടുക്കുകയാണ്. കേരളത്തിലെ ക്രമസമാധാന നിലക്ക് ഭംഗം വന്നിരിക്കുന്നു. ഇവിടെ മതനേതാക്കൾക്കും പണ്ഡിതൻമാർക്കും വരെ ഭീഷണി വന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് അതിന് കാരണമെന്ന് തെളിയിക്കുകയാണ് ഇത് സലാം പറഞ്ഞു. ഇതിനിടെ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടായ സാഹചര്യത്തിൽ മന്ത്രി വി അബ്ദുറഹിമാൻ കോഴിക്കോട് സമസ്തയുടെ കാര്യാലയത്തിൽ അദ്ദേഹത്തെ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് കൂടിക്കാഴ്ച റദ്ദാക്കി.