മലപ്പുറം : തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പിടിയിലായ പ്രതി ലീഗുകാരനെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പ് ദിവസത്തെ നാടകമാണിതെന്നും സലാം പറഞ്ഞു. പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് വിശദീകരിച്ച് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ് എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞത്.
കേസില്‍ മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് ഇന്ന് പിടിയിലായത്. കൊച്ചി പൊലീസ് പ്രത്യേക സംഘം കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്. തൃക്കാക്കര പോളിംഗ് ദിവസം വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട അറസ്റ്റുണ്ടായതും പ്രതിക്ക് യുഡിഎഫ് ബന്ധമെന്ന ആരോപണവും പൊലീസും സിപിഎമ്മും ചേർന്നുള്ള നാടകമെന്ന് വിഡി സതീശൻ ആരോപിച്ചു.
തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫുമായി ബന്ധപ്പെട്ട വ്യാജ നിർമിതിക്ക് പിന്നിൽ സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചയാളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അയാൾ യുഡിഎഫാണെന്ന് എന്തടിസ്ഥാനത്തിലാണ് പൊലീസ് പറഞ്ഞതെന്നും വിഡി സതീശൻ ചോദിച്ചു. അറസ്റ്റിലായ ലത്തീഫിന് യുഡിഎഫുമായോ ലീഗുമായോ ഒരു ബന്ധവും ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.