ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14ന് ഖത്തർ സന്ദർശിക്കും. ഖത്തറില്‍ തടവിലായിരുന്ന മുൻ ഇന്ത്യന്‍ നാവികരെ വിട്ടയച്ചതിനു പിന്നാലെയാണ് മോദിയുടെ സന്ദർശനം.ഖത്തർ അമീറിനെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നന്ദി അറിയിക്കും. നാളെ (ഫെബ്രുവരി 13) യു.എ.ഇയിലേക്ക് പോകുന്ന പ്രധാനമന്ത്രി തൊട്ടടുത്ത ദിവസമാണ് ഖത്തറില്‍ എത്തുക. വിദേശകാര്യ സെക്രട്ടറി വിനയ് ഖത്ര ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെത്തുന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഖത്തര്‍ അമീറുമായി വിശദമായി ചര്‍ച്ച നടത്തും. ഒന്നര വർഷത്തോളമായി ഖത്തറിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞദിവസം മോചിപ്പിച്ചത്.
മോചിതരായവരിൽ ഏഴുപേർ തിങ്കളാഴ്ച പുലർച്ചെയോടെ ന്യൂഡൽഹിയിൽ തിരിച്ചെത്തിയിരുന്നു. ബാക്കിയുള്ള ഒരാൾ കൂടി ഉടൻ തിരിച്ചെത്തും. ഖത്തറിൽ തടവിലായ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് പ്രധാനമന്ത്രി മോദി നേരിട്ട് മേൽനോട്ടം വഹിച്ചതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 8.4 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിൽ താമസിക്കുന്നത്. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ചർച്ച നടത്തുമെന്നും വിനയ് ഖത്ര അറിയിച്ചു.
ചാരവൃത്തിക്കേസിൽ അറസ്റ്റിലായ നാവികർക്ക് കഴിഞ്ഞ വർഷം ഒക്ടോബർ 26ന് ഖത്തറിലെ പ്രഥമ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അപ്പീലിനെ തുടർന്ന് ഡിസംബർ 28ന് അപ്പീൽ കോടതി വിധിയിൽ ഇളവു നൽകി. ഇതിനൊടുവിലാണ് ഞായറാഴ്ച രാത്രിയോടെ മോചനം സാധ്യമായി നാട്ടിലേക്ക് മടങ്ങിയത്.
ഇന്ത്യന്‍ നാവികസേനയുടെ മുന്‍ ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റൻ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയായ നാവികന്‍ രാഗേഷ് എന്നിവർ 2022 ആഗസ്റ്റിലാണ് ദോഹയിൽ അറസ്റ്റിലായത്. അൽ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സര്‍വീസസിലെ മുതിര്‍ന്ന ജീവനക്കാരായിരുന്നു മുന്‍ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍.