ദില്ലി: രാജസ്ഥാന്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദില്ലി പൊലീസിന് പരാതി നല്‍കിയെന്ന് സിപിഎം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 152ബി, 298, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരം മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ദില്ലി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുഷ്പീന്ദര്‍ സിങ് ഗ്രെവാളുമാണ് പരാതി നല്‍കിയത്. ദില്ലി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി അയച്ചുകൊടുത്തെന്ന് സിപിഎം അറിയിച്ചു.
‘രാജസ്ഥാനിലെ റാലിയില്‍ ബോധപൂര്‍വ്വം മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രി ഹിന്ദു സമുദായത്തിന്റെ സ്വത്തുക്കള്‍, പ്രത്യേകിച്ച് സ്വര്‍ണവും സ്ത്രീകളുടെ താലിമാലയും അപകടത്തിലാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. ഹിന്ദുക്കളുടെ സ്വത്തുക്കള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുന്നതുമായ പ്രസ്താവനയാണ് നരേന്ദ്ര മോദി നടത്തിയത്. മുസ്ലീങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങളാണ് പ്രസംഗത്തിലുള്ളത്. സമുദായത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ ലക്ഷ്യം വെയ്ക്കുകയും ആ വിഭാഗത്തിനെതിരെ വിദ്വേഷം പടര്‍ത്തുകയുമാണ് മോദി ചെയ്തത്.’ വിദ്വേഷപ്രസംഗത്തിലൂടെയുള്ള വോട്ടഭ്യര്‍ത്ഥന അങ്ങേയറ്റം നിയമവിരുദ്ധമാണെന്നും സിപിഎം പരാതിയില്‍ പറയുന്നു.
ഇന്ത്യയിലെ വിഭവങ്ങള്‍ക്ക് മേല്‍ ആദ്യ അവകാശം മുസ്ലീങ്ങള്‍ക്കാണെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നുവെന്നും അതിലൂടെ നുഴഞ്ഞുക്കയറ്റക്കാര്‍ക്ക് സ്വത്തുകള്‍ വിതരണം ചെയ്യപ്പെടുമെന്നുമാണ് മോദി പറഞ്ഞതെന്നും സിപിഎം പറഞ്ഞു. ‘ബോധപൂര്‍വ്വമായുള്ള പരാമര്‍ശം ഭരണഘടനാവിരുദ്ധമാണ്. ദേശീയ ഐക്യത്തിന് വിരുദ്ധമാണ്. വളരെ പ്രകോപനകരവും നിയമവിരുദ്ധവും സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതുമാണ്. കൂടുതല്‍ കുട്ടികളുള്ളവര്‍, നുഴഞ്ഞുക്കയറ്റക്കാര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടാണ്. മുസ്ലീം എന്ന വാക്ക് പ്രസംഗത്തില്‍ കൃത്യമായുണ്ട്. ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഗുരുതരമായി ക്ഷതമേല്‍പ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യവ്യാപകമായി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അഖിലേന്ത്യാ പ്രസക്തിയുള്ള വിഷയമാണിത്. എത്രയും വേഗം കേസെടുത്ത് അന്വേഷണത്തിലേക്ക് കടക്കണം. എത്ര ഉന്നതപദവി വഹിക്കുന്ന ആളായാലും നിയമത്തിന് അതീതനല്ല.’ അതുകൊണ്ട് മോദിയ്ക്കെതിരെ ഉടനടി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടതായി സിപിഎം അറിയിച്ചു.