ബംഗളൂരു: മൈസൂർ സന്ദർശിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ചിരുന്നത് നഗരത്തിലെ പ്രധാന ഹോട്ടലായ റാഡിസൺ ബ്ലൂ പ്ലാസയിലായിരുന്നു. എന്നാൽ ഹോട്ടലിൽ താമസിച്ചുവെങ്കിലും ബില്ല് പോലും കൊടുക്കാതെ മോദി മുങ്ങിയെന്നാണ് ഹോട്ടൽ അധികൃതരുടെ പരാതി. 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കാനുണ്ടെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്.
പണം കിട്ടാനായി നിയമത്തിന്റെ വഴിക്ക് നീങ്ങാനാണ് റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അധികൃതരുടെ തീരുമാനം. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ താമസിച്ചത് പ്രധാനമന്ത്രിയാണെങ്കിലും ഇത്രയും തുക നൽകേണ്ടത് കർണാടക ആണെന്നാണ് കേന്ദ്രം പറയുന്നത്. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻ.ടി.സി.എ) വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രോജക്ട് ടൈഗറിന്റെ 50 വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്. ദേശീയ പരിപാടിയായിരുന്നതിനാൽ പണം നൽകേണ്ടത് കേന്ദ്രമാണെന്ന നിലപാടിലാണ് കർണാടക സർക്കാർ.
ഹോട്ടൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി 12 മാസം കഴിഞ്ഞിട്ടും ബില്ലുകൾ അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്ത് നൽകി.12 മാസമായി തുക അടയ്ക്കാത്ത സാഹചര്യത്തിൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപ കൂടെ ബില്ലിനൊപ്പം അടയ്ക്കേണ്ടതുണ്ട്. 2024 ജൂൺ ഒന്നിനകം വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഹോട്ടൽ അധികൃതരുടെ തീരുമാനം.
2023 ഏപ്രിൽ ഒമ്പത് മുതൽ 11 വരെ മൂന്ന് കോടി രൂപ ചെലവിൽ പരിപടികൾ നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ച നിർദേശം. ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രം സഹായവും വാഗ്ദാനം ചെയ്തു. പരിപാടിയുടെ ആകെ ചിലവ് 6.33 കോടി രൂപയായി ഉയർന്നതോടെ അധികതുക നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. ഇതോടെ മൂന്ന് കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രം ബാക്കി വന്ന 3.33 കോടി രൂപ നൽകിയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
കുടിശ്ശിക ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഹോട്ടൽ ബില്ലുകൾ ഉൾപ്പെട്ട തുക സംസ്ഥാനം വഹിക്കണമെന്നായിരുന്നു മറുപടി. രണ്ടാമതും ഇതേ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.