അയോധ്യ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം (പോക്സോ) തനിക്കെതിരെ ദുരുപയോഗം ചെയ്യുന്നുവെന്നും നിയമഭേദഗതിക്കായി സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺ സിങ്.പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തിതാരങ്ങളെ ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് പരാമർശം.പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് പോലും അതിന്റെ ദുരുപയോഗം തടയാനാകുന്നില്ലെന്നും ബ്രിജ്ഭൂഷൻ ആരോപിച്ചു.
യു.പിയിലെ അയോധ്യയിലെ രാം കത പാർക്കിൽ ജൻ ചേതന മഹാ റാലിയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്രിജ് ഭൂഷൻ. ജൂൺ അഞ്ചിനാണ് റാലി നടക്കുക. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ ശക്തിപ്രകടനത്തിനുള്ള വേദിയായാണ് റാലിയെ ബ്രിജ് ഭൂഷൻ കാണുന്നത്. 11 ലക്ഷം പുരോഹിതന്മാർ റാലിയിൽ പങ്കെടുക്കുമെന്ന് ബ്രിജ് ഭൂഷൻ അവകാശപ്പെട്ടു.ഈ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ഞങ്ങൾ പോക്സോ നിയമത്തിൽ ഭേദഗതി വരുത്താനായി സമ്മർദം ചെലുത്തും. ഈ നിയമം കൊണ്ടു വന്നത് കോൺഗ്രസ് സർക്കാറാണ്. നിയമത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കാതെയാണ് നിയമം നടപ്പാക്കിയത് – ബ്രിജ് ഭൂഷൻ ആരോപിച്ചു.രാജ്യത്തെ പ്രമുഖരായ ഗുസ്തി താരങ്ങളാണ് ജന്തർ മന്തിറിൽ ബ്രിജ് ഭൂഷനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സമരം തുടരുന്നത്. ഏപ്രിൽ 23ന് ആരംഭിച്ച സമരത്തിന്റെ ആവശ്യം ബ്രിജ് ഭൂഷന്റെ അറസ്റ്റാണ്.താരങ്ങളുടെ ആരോപണത്തിൽ അന്വേഷണം പൂർത്തിയാകുന്നതു വരെ റസ്‍ലിങ് ഫെഡറേഷൻന്റെ പ്രവർത്തനങ്ങൾ കേന്ദ്ര കായിക മന്ത്രാലയം മരവിപ്പിച്ചിരിക്കുകയാണ്.