കോഴിക്കോട് : പോക്സോ കേസ് പ്രതിയായ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജിഷ്ണു ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഫോറൻസിക് സംഘം പ്രദേശത്ത് പരിശോധന നടത്തി. കൽപറ്റയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 26ന് ആണ് പോലീസ് ജിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് അന്വേഷിച്ചെത്തി അരമണിക്കൂറനകമാണ് ജിഷ്ണുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് സമീപമുളള മതിലിൽ നിന്ന് പോലീസിനെ കണ്ട് ചാടിയതാകം മരണകാരണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. വീഴ്ച്ചയുടെ ആഘാതമാകാം മരണത്തിന് കാരണമായതെന്ന് കേസന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് എസിപി അനിൽ ശ്രീനിവാസ് പറഞ്ഞു. എന്നാൽ പോലീസ് മർദ്ദനമേറ്റാണ് ജിഷ്ണു മരിച്ചതെന്ന സംശയത്തിലാണ് കുടുംബാംഗങ്ങളും മാതാപിതാക്കളും.
വീഴ്ചയിൽ വാരിയെല്ലിനും തലയോട്ടിക്കും ക്ഷതം സംഭവിച്ചതാകാമെന്നും ആണ് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലുളള കണ്ടെത്തൽ. എന്നാൽ പോലീസ് വിശദീകരണങ്ങളെ അപ്പാടെ തളളിക്കളയുകയാണ് ജിഷ്ണുവിന്‍റെ കുടുംബാംഗങ്ങൾ. പോലീസ് മതിലിൽ തലചേർത്ത് മർദ്ദിച്ചതിനാലാവും ജിഷ്ണു മരിച്ചെന്നാണ് അച്ഛൻ സുരേഷ്കുമാറിന്‍റെ സംശയം. ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസുകാർ പറയുന്നതിൽ പല പൊരുത്തക്കേടുകളുമുണ്ടെന്നും കുടുംബം ആരോപിച്ചു. എന്നാല്‍ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും കിട്ടിയശേഷം കുടുതൽ വ്യക്തതവരുമെന്നും നിലവിൽ ദുരൂഹത ഇല്ലെന്നും അന്വേഷണ സംഘം ആവർത്തിക്കുന്നു. ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറുടെ വിശദമായ മൊഴി കൂടി പരിഗണിച്ചാവും തുടർനടപടികൾ സ്വീകരിക്കുന്നത്.
നല്ലളം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെത്തി ജിഷ്ണുവിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് കൂട്ടിക്കൊണ്ട് പോയത്. അതിന് ശേഷം രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികിൽ നാട്ടുകാരാണ് അത്യാസന്ന നിലയിൽ ജിഷ്ണുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിഷ്ണുവിനെതിരെ കൽപ്പറ്റ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു കേസ്. മുണ്ടേരി ടൗണിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താൻ കൽപ്പറ്റ പോലീസ്, നല്ലളം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജിഷ്മുവിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കേസന്വേഷണത്തിന്റെ ഭാഗമായി ജിഷ്ണുവിന്റെ അടുത്ത് വന്ന് വിവരങ്ങളറിയുക മാത്രമാണ് ചെയ്തതെന്നാണ് നല്ലളം പോലീസ് നൽകുന്ന വിശദീകരണം. ജിഷ്ണുവിന്റെ വീട് കണ്ടെത്താൻ മാത്രമാണ് പോയത്. കസ്റ്റഡിയിൽ എടുത്തിട്ടില്ല. പോലീസ് പരാതിയുമായി ബന്ധപ്പെട്ട വിഷയം തിരക്കിയപ്പോൾ ജിഷ്ണു ഓടിയെന്നും കോഴിക്കോട് ഡിസിപി വിശദീകരിക്കുന്നു.