കൊച്ചി : വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) പോക്സോ കേസ്. മുന്‍ഭാര്യയുടെ പരാതിയിലാണ് ധർമടം പോലീസ് കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ ഇപ്പോൾ പോക്സോ കേസ് കൂടി വരുന്നത്. പ്രായപൂർത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്നും 15ാം വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളും ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നു. ഇവർ ധർമ്മടം പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതിയിൻ മേലാണ് ഇപ്പോൾ പോക്സോ ചുമത്തി കേസെടുത്തിരിക്കുന്നത്. കേസ് ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതിനാൽ അവിടേക്ക് കൈമാറുമെന്ന് ധർമ്മടം പോലീസ് അറിയിച്ചിട്ടുണ്ട്. അതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തണമോ എന്ന കാര്യത്തിൽ ഇരിട്ടി പോലീസ് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.