ആലപ്പുഴ: ഒൻപതു വയസുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ ബന്ധുവിന് അഞ്ചു വർഷം കഠിന തടവും 5,000 രൂപ പിഴയും. രാമങ്കരി പോലീസ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ മണലിത്തറയിൽ ഹരിദാസനെ (47) യാണ് ആലപ്പുഴ (പോക്സോ) സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
കുട്ടിയുടെ മൊഴിയും മെഡിക്കൽ പരിശോധനയും പ്രധാനമായും കണക്കിലെടുത്താണ് വിധി. വിചാരണ സമയത്ത് പ്രതി ജയിലിലായിരുന്നു. അഞ്ചു വർഷം കഠിന തടവും 5,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലങ്കിൽ ആറുമാസം കൂടുതൽ തടവുശിക്ഷ അനുഭവിക്കണം. പിഴ ഒടുക്കിയാൽ തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാൻ വിധിയിൽ നിർദേശിക്കുന്നു.
കുട്ടിക്ക് യുക്തമായ നഷ്ടപരിഹാര തുക തീരുമാനിച്ച് അനുവദിച്ച് സർക്കാരിൽ നിന്ന് ഉത്തരവാകുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി. വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ ജെ ശ്രീദേവിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴ സ്പെഷ്യൽ കോടതി ജഡ്ജി മിനി. എസ്. ദാസാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി.