തിരുവനന്തപുരം: കാമുകനുമായി ചേർന്ന് ഭർത്താവിന് ഹോർലിക്സിൽ ഭാര്യ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒടുവിൽ കേസ് എടുത്ത് പാറശ്ശാല പൊലീസ്. പാറശ്ശാല മുറിയങ്കര എസ്.എൻ ഭവനിൽ സുധീർ (49) നൽകിയ പരാതിയിലാണ് ആറ് മാസങ്ങൾക്ക് ശേഷം, ഇയാളുടെ ഭാര്യ തമിഴ്നാട് ശിവകാശി കാമരാജപുരം സ്വദേശിനി പ്രിയ, കാമുകന്‍ തിരുനെൽവേലി സ്വദേശി മുരുകൻ എന്നിവർക്ക് എതിരെ പാറശാല പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വധ ശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി ഇക്കഴിഞ്ഞ ആറിനാണ് കേസ് എടുത്തിരിക്കുന്നത്. 2010 മുതൽ 2020 വരെ പല ദിവസങ്ങളിൽ ഭക്ഷണത്തിൽ പല തവണയായി വിഷം കലർത്തി നൽകിയിരുന്നു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. സംഭവത്തിൽ ആറ് മാസം മുൻപ് പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ല. ഇത് വിവാദമായതോടെയാണ് ഒടുവിൽ കേസെടുക്കാന്‍ പൊലീസ് തയ്യാറായതെന്നും ആക്ഷേപമുണ്ട്.
തനിക്ക് ഇടയ്‌ക്കിടയ്‌ക്ക് തലവേദന അനുഭവപ്പെടുമായിരുന്നുയെന്നും അപ്പോഴെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും സുധീർ പറയുന്നു. ഒരിക്കൽ വീട്ടിൽ നിന്ന് ഹോർളിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോൾ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പാറശ്ശാല ആശുപത്രിയിലെത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മൂന്ന് ദിവസം വെന്‍റിലേറ്ററിൽ കഴിയുകയും ചെയ്തുവെന്ന് സുധീർ പറയുന്നു.
പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വീട്ടിൽ നിന്നും സിറിഞ്ചും അലൂമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്. വിഷം തമിഴ്നാട്ടിൽ നിന്ന് കൊറിയറായി അയച്ചതാണെന്നാണ് സുധീർ പറയുന്നത്. അതിന് തന്‍റെ പക്കൽ തെളിവുണ്ടെന്നും സുധീർ പറയുന്നു. ഭാര്യ വീട്ടിൽ നിന്ന് പോയ ശേഷം അവരുടെ വസ്ത്രങ്ങൾ ഒഴിവാക്കുമ്പോഴാണ് ഒളിപ്പിച്ച നിലയില്‍ വിഷം കണ്ടെത്തിയത്. അലൂമിനിയം ഫോസ്ഫെയ്ഡ് ഉള്ളിൽ ചെന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ വ്യക്തമാണെന്ന് സുധീർ കൂട്ടിച്ചേർത്തു. തന്‍റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും സുധീർ ആരോപിക്കുന്നു.