കിയവ് : യുക്രെയ്നിലെ ഇന്ത്യ എംബസിയുടെ പ്രവർത്തനം താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രെയ്നിൽ സംഘർഷങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
യുക്രെയ്നിലെ സ്ഥിതി അതിവേഗം മോശമാവുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും ആക്രമണം കടുക്കുകയാണ്. ഇതിനാൽ താൽക്കാലികമായി എംബസി പോളണ്ടിലേക്ക് മാറ്റുകയാണെന്ന് വിദേശാര്യമന്ത്രാലയം വ്യക്തമാക്കി. യുക്രെയ്നിലെ സംഘർഷത്തിൽ അയവ് വന്നാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
യുക്രെയ്നിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് നിർണായക പ്രഖ്യാപനമുണ്ടായത്. ഫെബ്രുവരി 24ന് റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയതിന് പിന്നാലെ ഇന്ത്യൻ പൗരൻമാരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. തുടർന്ന് ഓപ്പറേഷൻ ഗംഗയെന്ന പേരിൽ നടത്തിയ പ്രത്യേക മിഷനിലൂടെ മുഴുവൻ പൗരൻമാരേയും ഡൽഹിയിലെത്തിച്ചിരുന്നു. ഇത് പൂർത്തിയായതിന് പിന്നാലെയാണ് എംബസിയുടെ മാറ്റം പ്രഖ്യാപിക്കുന്നത്.