കൊച്ചി : ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തിൽപെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കണ്ടെത്തി. വറ്റകളിൽതന്നെയുള്ള ‘ക്വീൻഫിഷ്’ വിഭാഗത്തിൽ പെടുന്ന ഈ മീനിനെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്ന് സിഎംഎഫ്ആർഐ തിരിച്ചറിഞ്ഞത്. ‘സ്‌കോംബറോയിഡ്സ് പെലാജിക്കസ്’ എന്നാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ഈ മീനിന് നാമകരണം ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കിടയിൽ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര്. ഇന്ത്യൻ തീരങ്ങളിൽ 60ഓളം വറ്റയിനങ്ങളുണ്ട്. അവയിൽ നാല് ക്വീൻഫിഷുകളാണ് നിലവിലുണ്ടായിരുന്നത്. അഞ്ചാമത് ക്വീൻഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തെ ഈ വിഭാത്തിൽപെട്ട മൂന്ന് മീനുകൾക്ക് വംശനാശം സംഭവിച്ചിരുന്നു.
ഇത്തരത്തിൽ അുടത്ത കാലത്തായി പല മീനുകൾക്കും വംശനാശം സംഭവിക്കുമ്പോൾ സമുദ്രജൈവ വൈവിധ്യത്തിന് ശക്തിപകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് മീനിനെ കണ്ടെത്താൻ നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. സമുദ്രസമ്പത്തിന്റെ പരിപാലന രീതികളിൽ കൃത്യത വരുത്തുന്നതിനും സിഎംഎഫ്ആർഐയുടെ പുതിയ നേട്ടം സഹായകരമാകും. കേരളത്തിലുൾപ്പെടെ ധാരാളമായി പിടിക്കപ്പെടുന്ന മത്സ്യമാണിത്. വിപണിയിൽ കിലോയ്ക്ക് 250 രുപവരെ വിലയുണ്ട്. മാംസളമായ ശരീരഘടനയുള്ള പോളവറ്റ മറ്റ് വറ്റയിനങ്ങളെ പോലെ തന്നെ രുചിയൂറും മത്സ്യമാണ്. ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.