തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണ്ണമാല കവർച്ച ചെയ്യുകയും ചെയ്ത 19 അംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. വിഴിഞ്ഞം, പൂല്ലൂർക്കോണം ചെന്നവിളാകം വീട്ടിൽ അക്ബർ ഷാ (21) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി രാത്രിയാണ് സംഭവം. കോവളം സ്വദേശികളായ മൂന്ന് യുവാക്കളെ അക്രമിസംഘം ഇടിക്കട്ടയും ആയുധങ്ങളും കൊണ്ട് ആക്രമിച്ച് സ്വർണ്ണ മാല പിടിച്ചു പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അക്രമണത്തിന് ഇരയായ യുവാക്കളിൽ ഒരാളുടെ അച്ഛനെ മുൻപ് പ്രതികളിൽ ചിലർ ചേർന്ന് മർദ്ദിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ഇപ്പോഴുള്ള ആക്രമണത്തിന് കാരണം എന്ന് വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി പറഞ്ഞു. എസ് ഐമാരായ സമ്പത്ത്, ഹർഷകുമാർ, സി പി ഒമാരായ സുജിത്ത്, പ്രമോദ്, രാമു, അരുൺ പി. മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.