കൊച്ചി ∙ എറണാകുളം ജനറൽ ആശുപത്രിയിലെ മുൻ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച വനിത ഡോക്ടറോടു നേരിട്ടു പരാതി നൽകാൻ പൊലീസ് നിർദേശിച്ചു. നിലവിൽ വിദേശത്തു ജോലി ചെയ്യുന്ന വനിത ഡോക്ടർ ഇ മെയിൽ വഴി ജനറൽ ആശുപത്രിയിലേക്ക് അയച്ച പരാതി സൂപ്രണ്ട് സെൻട്രൽ പൊലീസിനു കൈമാറിയിരുന്നു.
എന്നാൽ ഈ പരാതിയിൽ കേസെടുക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളുള്ളതിനാലാണു നേരിട്ടു പുതിയ പരാതി നൽകാൻ വനിത ഡോക്ടറോട് ഇ മെയിൽ വഴി സെൻട്രൽ പൊലീസ് നിർദേശിച്ചത്. 2019 ഫെബ്രുവരിയിൽ ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെ മുതിർന്ന ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നാണു വനിത ഡോക്ടർ സമൂഹ മാധ്യമം വഴി ആരോപിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പു ഡയറക്ടറോടു മന്ത്രി വീണ ജോർജ് നിർദേശിച്ചിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ഇതുവരെയും അന്വേഷണം തുടങ്ങിയിട്ടില്ല. ആശുപത്രി അധികൃതർ നേരത്തേ പരാതി മറച്ചുവച്ചോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും വിജിലൻസ് വിഭാഗം അന്വേഷിക്കും.