തിരുവനന്തപുരം : പോലീസുകാര്‍ക്കു വീട്ടിലെ വിശേഷദിവസങ്ങളില്‍ അവധി ഉറപ്പാക്കാന്‍ ആ ദിവസങ്ങള്‍ ഏതൊക്കെ എന്നതിന്റെ റജിസ്റ്റര്‍ സ്റ്റേഷനില്‍ സൂക്ഷിക്കും. കണ്ണൂര്‍ റേഞ്ചില്‍ പെടുന്ന ജില്ലകളിലാണ് ആദ്യം നടപ്പാക്കുന്നത്. റേഞ്ച് ഡിഐജി രാഹുല്‍.ആര്‍.നായര്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സ്റ്റേഷനുകളിലും നല്‍കി. സംസ്ഥാനത്താകെ തുടര്‍ന്നു നടപ്പാക്കാനാണു പദ്ധതി. പോലീസുദ്യോഗസ്ഥരുടെ ജന്മദിനം, കുട്ടികളുടെ ജന്മദിനം, ഭര്‍ത്താവ് / ഭാര്യയുടെ ജന്മദിനം, വിവാഹവാര്‍ഷികം എന്നീ ദിവസങ്ങളില്‍ അവധി ആവശ്യപ്പെടുമ്പോള്‍ ഒഴിച്ചുകൂടാനാകാത്ത സംഭവങ്ങളില്ലെങ്കില്‍ അവധി ഉറപ്പായും അനുവദിക്കണമെന്നാണ് നിര്‍ദേശം. പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടിലെ ഇത്രയും വിശേഷ ദിനങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച് സ്റ്റേഷന്‍ ചുമതലയുള്ള ഓഫിസര്‍ക്കു കൈമാറണം.
സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ഈ റജിസ്റ്റര്‍ ഡിവൈഎസ്പി സൂക്ഷിക്കണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതു നടപ്പാക്കിയെന്നുറപ്പുവരുത്താന്‍ എസ്പിയും ഡിവൈഎസ്പിയും പരിശോധിക്കുകയും വേണം. പോലീസുദ്യോഗസ്ഥരുടെ മികച്ച പ്രവര്‍ത്തനങ്ങളെ ഉടന്‍ തന്നെ രേഖാമൂലം അഭിനന്ദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കോ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കോ വൈദ്യ സഹായം ആവശ്യമുണ്ടെങ്കില്‍ മേലുദ്യോഗസ്ഥര്‍ മാനുഷിക പരിഗണനയോടെ ഇതു ലഭ്യമാക്കണം. അര്‍ഹിക്കുന്ന പരിഗണന ലഭിക്കേണ്ട ഇത്തരം അഭ്യര്‍ഥനകള്‍ പൊലീസ് ആസ്ഥാനത്തും ജില്ലാ പൊലീസ് ആസ്ഥാനത്തെ വെല്‍ഫെയര്‍ ബ്യൂറോകള്‍ക്കും ലഭ്യമാക്കി താമസം കൂടാതെ സഹായം വാങ്ങി നല്‍കണം. പോലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വര്‍ധിപ്പിക്കണമെങ്കില്‍ അവരുടെ മാനസിക നില കൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനു മേലുദ്യോഗസ്ഥര്‍ പിന്തുണ നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.