ലഖ്‌നൗ (ഉത്തർപ്രദേശ്): ഉത്തർപ്രദേശ് സ്റ്റേറ്റ് ബോർഡിന്റെ 12-ാം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരനെ ബല്ലിയ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രതി നിർഭയ് നാരായൺ സിംഗ് സ്വകാര്യ കോളജ് മാനേജരാണെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ 75 ജില്ലകളിലായി മാർച്ച് 30 ന് പന്ത്രണ്ടാം ക്ലാസിലെ സംസ്ഥാന ബോർഡ് ഇംഗ്ലീഷ് പരീക്ഷ നടത്തിയിരുന്നു.
രണ്ടാം ഷിഫ്റ്റിൽ നടക്കേണ്ട ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ബല്ലിയ ജില്ലയടക്കം സംസ്ഥാനത്തെ 24 ജില്ലകളിലെ പരീക്ഷ സർക്കാർ റദ്ദാക്കുകയായിരുന്നു. മഹാറാണി ദേവി സ്മാരക് ഇന്റർ കോളജ് മാനേജരാണ് പ്രതി നിർഭയ് നാരായണ് സിംഗ് എന്ന് പൊലീസ് അറിയിച്ചു. അധ്യാപകരെ ഉപയോഗിച്ച് ചോർത്തിയ ചോദ്യ പേപ്പർ പകർപ്പുകൾ
പിന്നീട് വിദ്യാർത്ഥികൾക്ക് വിൽക്കുകയായിരുന്നു. 25,000 മുതൽ 30,000 രൂപ വരെയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കിയിരുന്നത്. സിംഗും മറ്റൊരു പ്രതിയായ രാജീവ് പ്രജാപതിയും ചോദ്യപേപ്പറിന്റെ സ്കാൻ ചെയ്ത പകർപ്പുകൾ സോഷ്യൽ മീഡിയയിൽ മറ്റുള്ളവർക്ക് അയച്ചു. ഞായറാഴ്ച പ്രജാപതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യ പേപ്പറിന്റെ കോപ്പികളും വിദ്യാർത്ഥികളിൽ നിന്ന് തട്ടിയെടുത്ത പണവും കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. പേ ടി.എം ഇടപാടുകൾ വഴിയാണ് പ്രതികൾക്ക് ബാങ്ക് അക്കൗണ്ടിൽ പണം ലഭിച്ചത്. കേസിൽ ഇതുവരെ നാല് മാനേജർമാരെയും മൂന്ന് പ്രിൻസിപ്പൽമാരെയും പത്ത് അധ്യാപകരെയും അഞ്ച് കോച്ചിംഗ് സെന്റർ അധ്യാപകരെയും മൂന്ന് ക്ലാർക്കുകളെയും ബല്ലിയ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.