വളാഞ്ചേരി : മലപ്പുറം വളാഞ്ചേരിയില്‍ ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ചശേഷം ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പോലീസ്. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി ഷക്കീറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിൽ മോശം അനുഭവം ഉണ്ടായെന്ന് കണ്ടക്ടറോട് പറഞ്ഞിട്ടും കണ്ടക്ടർ അതിൽ ഇടപെട്ടില്ലെന്ന് പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. ബസിൽ വെച്ച് ഷക്കീർ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഉപദ്രവം സഹിക്കാതെ പെൺകുട്ടി ബഹളം വെച്ചതോടെ ബസിലെ കണ്ടക്ടര്‍ ഇയാളെ പിറകിലെ സീറ്റില്‍ കൊണ്ടുപോയി ഇരുത്തി. അടുത്ത സ്റ്റോപ്പ് എത്തിയതോടെ ഉപദ്രവിക്കാൻ ശ്രമിച്ച ആള്‍ ബസില്‍ നിന്ന് ഇറങ്ങി രക്ഷപെടുകയായിരുന്നു. തന്നെ സഹായിക്കേണ്ട ബസ് ജീവനക്കാര്‍ അത് ചെയ്യാതെ പ്രതിക്ക് രക്ഷപെടാനാണ് അവസരമുണ്ടാക്കിയതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.