ചെന്നൈ: ബെംഗ്ലൂരുവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് നാഗേഷ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ നിന്നാണ് നാഗേഷ് പിടിയിലായത്. സംഭവം നടന്ന് 16 ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. സന്യാസി വേഷത്തിൽ ഒളിവിൽ കഴിയുകയായിരുന്നു നാഗേഷ്. കഴിഞ്ഞ മാസമാണ് യുവതിക്ക് നേരെ നാഗേഷ് ആസിഡ് ആക്രമണം നടത്തിയത്. യുവതി ഓഫിസിലേക്ക് കോണിപ്പടി കയറവേ നാഗേഷ് കുപ്പിയിൽ കരുതിയ ആസിഡ് മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച യുവതിയെ തള്ളി താഴെയിട്ട് ശരീരത്തിലേക്കും യുവാവ് ആസിഡ് ഒഴിച്ചു.
പ്രണയം നിരസിച്ചതിനായിരുന്നു 24 കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. മുൻ സഹപ്രവർത്തകൻ കൂടിയായാണ് നാഗേഷ്. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തെ യുവതിയും നാഗേഷും ഒരു ഗാർമെന്‍റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് യുവതി ജോലി മാറിയതിന് ശേഷം നാഗേഷ് ഓഫീസിലെത്തി ശല്യം ചെയ്തിരുന്നു. സംഭവശേഷം ഒളിവില്‍ പോയ നാഗേഷിനായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.












