കോട്ടയം : വിൽപനക്ക് കൊണ്ടുവന്ന 1.760 കിലോ കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ. കുടമാളൂർ പുളിഞ്ചുവട് ഫിറോസ് മൻസിലിൽ ഫാരിസ് (25), കുമാരനല്ലൂർ പള്ളികിഴക്കേതിൽ വീട്ടിൽ ജിബിൻ ചെറിയാൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്. പെരുമ്പായിക്കാട് തോപ്പിൽപടി ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. പോലീസിനെ കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.