കോഴിക്കോട്: സത്യത്തിൽ സംസ്ഥാനത്തെ പോലീസിനു സംഭവിച്ചതെന്താണ്? ഈ ചോദ്യം ചോദിക്കുന്നതു രാഷ്ട്രീയക്കാരല്ല, പാവംപിടിച്ച കലാകാരന്മാരാണ്. കണ്ണൂരിലെ കല്യാണവീട്ടിൽ ബോംബേറിൽ ഒരാൾ മരിച്ചതിനു പിന്നാലെയാണ് തളിപ്പറമ്പിൽ പോലീസ് വിചിത്രമായ കത്ത് പുറത്തിറക്കിയത്. ഇനി മുതൽ കല്യാണവീടുകളിൽ ബോക്സ് വച്ച് ഗാനമേള നടത്താൻ അനുമതി നൽകില്ലെന്നാണു പുതിയ തീരുമാനം.
ഫെബ്രുവരി 15നാണ് തളിപ്പറമ്പ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ‘ വിവാഹആഘോഷങ്ങളുടെ പേരിലുണ്ടാവുന്ന ആഭാസകരമായ പ്രവൃത്തികൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച്’ എന്ന തലക്കെട്ടോടെ നഗരസഭാ ചെയർമാൻ, പഞ്ചായത്ത് അധികൃതർ എന്നിവർക്കു പോലീസ് തീരുമാനമറിയിച്ചുകൊണ്ട് കത്തു നൽകിയത്. ‘ വിവാഹാഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിനു അനുയോജ്യമായ രീതിയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് വീട്ടുകാർക്ക് നിർദേശം കൊടുക്കാൻ’ കത്തിൽ പരാമർശിക്കുന്നുണ്ട്. ഇതിനുപിറകെയാണ് ‘വിവാഹാഘോഷങ്ങളിൽ ഒരു കാരണവശാലും ബോക്സ് വച്ച് ഗാനമേള നടത്താൻ അനുവദിക്കില്ലെ’ന്ന തീരുമാനം പോലീസ് അറിയിച്ചത്.
ഗാനമേള സംസ്കാരത്തിനു യോജിച്ചതല്ലെന്ന് പോലീസ് ഏത് അർഥത്തിലാണ് തീരുമാനിച്ചതെന്ന സംശയത്തിലാണ് കലാകാരൻമാർ. കോവിഡ് കാലത്ത് രണ്ടു വർഷത്തോളമായി ഒരു വേദിപോലും കിട്ടാതെ സംസ്ഥാനത്തെ മൂവായിരത്തോളം ഗായകരും സംഗീതോപകരണ വിദഗ്ധരും ദുരിതത്തിലാണ്. ജീവിതം പ്രതിസന്ധിയിലായ പലരും ആത്മഹത്യയുടെ വക്കിലുമാണ്.ഗുണ്ടകളും അക്രമകാരികളും നടത്തുന്ന പ്രവൃത്തികൾ കാരണം തങ്ങളുടെ തൊഴിൽ വീണ്ടും മുടങ്ങുമെന്ന ആശങ്കയിലാണ് ഗാനമേളസംഘങ്ങൾ.