വടകര: കസ്‌റ്റഡിയിൽ എടുത്ത യുവാവ് പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ ഹാർഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് പിടിച്ചെടുക്കും. സജീവന്റെ മരണശേഷമാണു കേസിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്‌തതെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. നേരത്തെ തയാറാക്കിയ എഫ്ഐആറിൽ ഗുരുതര കുറ്റങ്ങൾ പിന്നീട് എഴുതി ചേർക്കുകയായിരുന്നുവെന്ന ആക്ഷേപവും പരിശോധിക്കും.
ഹാർഡ് ഡിസ്‌ക് പരിശോധിക്കാൻ വയനാട്ടിലെ ഫൊറന്‍സിക് വിഭാഗത്തിലെ സൈബര്‍ വിദ്‌ഗ്‌ധന്റെ സേവനവും ഇതിനായി തേടി. അതേസമയം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തൊട്ടുമുൻപ് ഉണ്ടായ ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ ഇതിനു വഴിവച്ചിട്ടുണ്ടെന്നും പരാമര്‍ശമുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ പ്രാഥമിക സൂചനകള്‍ മാത്രമേ ഇക്കാര്യത്തില്‍ ഇതുവരെ പുറത്തുവന്നിട്ടുള്ളു
സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിൽ 60 പൊലീസുകാരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. എസ്എച്ച്ഒ അടക്കമുള്ളവർക്കെതിരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി നടപടിയെടുത്തത്. ഭരണപരമായ സൗകര്യത്തിനു വേണ്ടി സ്ഥലം മാറ്റിയെന്നാണ് വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണു കൂട്ടനടപടിയെന്നു വിവരമുണ്ട്. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്നത് അപൂർവമാണ്. യുവാവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. അതേസമയം സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ ബഹുഭൂരിപക്ഷം പേരും സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കാർ അപകടത്തെ തുടർന്ന് ഇരുവിഭാഗം തമ്മിലുള്ള തർക്കത്തിനിടെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച പൊൻമേരി പറമ്പിൽത്താഴെ കോലോത്ത് സജീവൻ(42) ആണ് മരിച്ചത്.
കഴിഞ്ഞ 14നു രാത്രിയാണു സജീവനെ വടകര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇരു വിഭാഗവും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർത്തതിനുശേഷം പുറത്തിറങ്ങിയ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പൊലീസ് മർദിച്ചതിനെ തുടർന്നാണു മരണമെന്നു സജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സജീവനും മറ്റും സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ ആയതിനാൽ ആശുപത്രിയിലെത്തിക്കാൻ വിട്ടുകൊടുത്തില്ല, പൊലീസ് വാഹനവും നൽകിയില്ല.
ഏറെ വൈകി ആംബുലൻസ് കൊണ്ടുവന്ന് സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സജീവൻ മരിച്ചിരുന്നു. എന്നാൽ മർദിച്ചിട്ടില്ലെന്നും പിറ്റേന്ന് ഹാജരാകാൻ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളുവെന്നുമാണ് പൊലീസ് വിശദീകരണം. സ്റ്റേഷനിലെ വാഹനം പുറത്തുപോയ സമയമായതിനാലാണു അതു വിട്ടു കൊടുക്കാൻ കഴിയാതിരുന്നതെന്നും പറയുന്നു