കൊല്ലം: കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ പ്രതികളെ കാണാൻ വന്ന സൈനികനും സഹോദരനും പൊലീസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജം. മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരനുമായുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ വ്യാജകേസ് കെട്ടിച്ചമച്ചത്. പൊലീസിൽ നിന്നും തനിക്കും സഹോദരനും ക്രൂര മര്‍ദ്ദനമാണേറ്റതെന്ന് കൊറ്റങ്കര സ്വദേശിയായ വിഘ്നേഷ് പറഞ്ഞു.
ആഗസ്റ്റ് മാസം 25 ന് പിടികൂടിയ എംഡിഎംഎ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കൊറ്റങ്കര സ്വദേശികളായ വിഷ്ണു, വിഘ്നേഷ് എന്നിവര്‍ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് പറയുന്ന കഥ. എന്നാൽ യഥാര്‍ത്ഥത്തിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠൻ വിഘ്നേഷിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്നു.
എംഡിഎംഎ കേസിൽ ജാമ്യം നിൽക്കാനാകില്ലെന്ന് യുവാവ് പറഞ്ഞു. വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എഎസ്ഐ പ്രകാശ് ചന്ദ്രനുമായി തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകാശ് ചന്ദ്രൻ തന്നെ ഇവരെ സ്റ്റേഷനിലേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ പറയുന്നത്. ഒപ്പം എംഡിഎംഎ കേസ് പ്രതികളുമായി ചേർത്ത് വ്യാജ കേസ് ചമക്കലും.
മര്‍ദ്ദനവും വ്യാജ കേസും രണ്ട് യുവാക്കളുടെ ജീവിതമാണ് തകര്‍ത്തത്. സൈനികനായ വിഷ്ണുവിന്റെ വിവാഹം മുടങ്ങി. പൊലീസ് കോണ്‍സ്റ്റബിൾ ടെസ്റ്റിന്റെ ശാരീരിക പരീക്ഷക്ക് ഒരുങ്ങിയിരുന്ന വിഘ്നേഷിന് ഇന്നും ശരീര വേദന കൊണ്ട് നേരെ നടക്കാൻ പോലും കഴിയുന്നില്ല. കൊല്ലം സെപെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വീഴ്ച്ചയുണ്ടായി എന്ന് കണ്ടെത്തി. കിളികൊല്ലൂര്‍ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.