ദില്ലി: അമുല്‍ ബ്രാന്‍ഡിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെതിരെ കേസ്. അമുല്‍ പാലില്‍ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്നാണ് ആരോപണം. അമുല്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള ‘ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ’ നിര്‍മ്മാണ യൂണിറ്റായ ‘അമുല്‍ഫെഡി’യിലെ ഉദ്യോഗസ്ഥനാണ് പരാതി നല്‍കിയത്. അമുലിന്റെ പാക്കറ്റ് പാലില്‍ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് ഗാന്ധിനഗര്‍ സ്വദേശിയായ ലക്ഷ്മികാന്ത് അടുത്തിടെ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചിരുന്നു.
ഒരു സര്‍ക്കാര്‍ ലബോറട്ടറി ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. വീഡിയോയ്ക്കെതിരെ അമുല്‍ഫെഡിലെ സീനിയര്‍ സെയില്‍സ് മാനേജരായ അങ്കിത് പരീഖ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അദാലജ് പോലീസ് ചൊവ്വാഴ്ച ലക്ഷ്മികാന്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ലക്ഷ്മികാന്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. അമുല്‍ ബ്രാന്‍ഡിന്റെ അന്തസ്സ് വ്രണപ്പെടുത്താനും കിംവദന്തികള്‍ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വീഡിയോയെന്നും പരാതിയില്‍ പറയുന്നു.