കോഴിക്കോട് : അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു കൗമാരക്കാർ പൊലീസ് പിടിയിൽ. നഗരത്തിലെ ചില സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്നു വിൽപന നടത്തുന്ന കുട്ടികളാണ് പിടിയിലായത്. സൗത്ത് ബീച്ചിനു സമീപത്തെ റോഡിൽ പരിശോധനയ്ക്കിടെയാണ് തടമ്പാട്ടുതാഴം സ്വദേശിയായ പതിനേഴര വയസ്സുകാരനും കാക്കൂർ സ്വദേശിയായ പതിനേഴുകാരനും പിടിയിലായത്. ഇവരിൽനിന്ന് 2.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.
ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ബൈക്ക് മോഷണമുൾപ്പെടെ നിരവധി കേസുകളില്‍ ഉൾപ്പെട്ടവരാണ് ഇവരെന്നും പൊലീസ് പറഞ്ഞു. എന്നാൽ പ്രായപൂർത്തിയാവാത്തതിനാൽ ടൗൺ പൊലീസ് കേസെടുത്തശേഷം ഇവരെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.
നർക്കോട്ടിക് സെൽ എസിപി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫും ടൗൺ പൊലീസുമാണ് പരിശോധന നടത്തിയത്. ടൗൺ എസ്ഐ കെ. മനോജ് കുമാർ, ഡൻസാഫ് എഎസ്ഐ മനോജ് എടയേടത്ത്, ഡൻസാഫ് അംഗങ്ങളായ കെ.അഖിലേഷ് ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, കാരയിൽ സുനോജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.